പാലക്കാട് സീറ്റ് ലഭിച്ചില്ല; ഡോ.പി സരിന് അതൃപ്തിയെന്ന് റിപോര്‍ട്ട്

രാവിലെ 11.30ന് അദ്ദേഹം മാധ്യമങ്ങളെ കാണും.

Update: 2024-10-16 04:41 GMT

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ ഡോ. പി സരിന് അതൃപ്തിയെന്ന് റിപോര്‍ട്ട്. രാവിലെ 11.30ന് അദ്ദേഹം മാധ്യമങ്ങളെ കാണും. ഇന്നലെ രാത്രിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കിയതിനാണ് ഡോ.പി സരിന്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ബിരുദപഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണു സിവില്‍ സര്‍വീസ് പരീക്ഷയില്‍ 555ാം റാങ്ക് നേടി ഡോ.പി സരിന്‍ ഐഎഎസ് ഉദ്യോഗസ്ഥനായത്. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ (ഐഎഎഎസ്) ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ പദവിയിലിരിക്കെയാണ് പൊതുപ്രവര്‍ത്തകനായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി. അതിന് ശേഷം ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ 2021ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയില്‍ നരേന്ദ്രമോദിക്ക് അനുകൂലമായ പ്രസ്ഥാവന നടത്തിയ അനില്‍ ആന്റണിയെ ഒഴിവാക്കിയാണ് ഡോ.പി സരിനെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയാക്കിയത്.

Tags:    

Similar News