ലോക്ക് ഡൗണില്‍ ഭക്ഷണം ലഭിക്കാതെ പൈപ്പ് വെള്ളം കുടിച്ചു; ചിത്രം പ്രസിദ്ധീകരിച്ചതിനു പത്രഫോട്ടോഗ്രഫര്‍ക്കെതിരേ കേസ്
കോഴിക്കോട്: കൊവിഡ് നിയന്ത്രണത്തിനു ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ യഥാസമയം ഭക്ഷണം ലഭിക്കാതെ പൈപ്പ് വെള്ളം കുടിക്കുന്നയാളുടെ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനു ഫോട്ടോഗ്രഫര്‍ക്കെതിരേ കേസ്. മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്കെതിരേയാണ് മുക്കം പോലിസ് കേസെടുത്തത്. ലോക് ഡൗണില്‍പെട്ട് യഥാസമയം ഭക്ഷണം കിട്ടാതായതോടെ മുക്കം ബസ് സ്റ്റാന്റിലെ പൈപ്പില്‍ നിന്നു വെള്ളം കുടിക്കുന്നയാള്‍ എന്ന അടിക്കുറിപ്പോടെ കോഴിക്കോട് പ്രാദേശികം പേജില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരേ നഗരസഭാ ചെയര്‍മാന്‍ നല്‍കിയ പരാതിയിലാണ് നടപടി. വര്‍ഷങ്ങളായി മുക്കം ബസ് സ്റ്റാന്റില്‍ താമസിക്കുന്ന പുതുപ്പാടി സ്വദേശിയായ കുമാരന്റെ ചിത്രമാണ് കൊടുത്തിരുന്നത്. ലഹളയുണ്ടാക്കാന്‍ ശ്രമം, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഐപിസി 153 , കേരള പോലിസ് ആക്റ്റിലെ 120 വകുപ്പുകള്‍ പ്രകാരം മുക്കം പോലിസ് കേസെടുത്തത്. ചിത്രം അപകീര്‍ത്തികരമാണെന്നും ഫോട്ടോയിലുള്ളയാള്‍ക്ക് കമ്യൂണിറ്റി കിച്ചനില്‍ നിന്ന് ഭക്ഷണം നല്‍കിയിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.