മയക്കുമരുന്ന് കേസ്: സിനിമാ താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രധാനിയെന്ന് കരുതുന്നയാള്‍ പോലിസ് കസ്റ്റഡിയില്‍. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്ട്ടിന് എന്നിവരെ ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണ് പോലിസ് പറയുന്നത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. കൊച്ചി മരടിലെ ഓംപ്രകാശ് താമസിച്ച ആഡംബര ഹോട്ടലിലെ മുറിയില്‍ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി പോലിസിന്റെ റിമാന്റ് റിപോര്‍ട്ടിലുണ്ടായിരുന്നു. കഴിഞ്ഞദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഓംപ്രകാശിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടരന്വേഷണത്തിലാണ് ശ്രീനാഥിനും പ്രയാഗയ്ക്കും പുറമേ 20ഓളം പേര് ഓംപ്രകാശിന്റെ മുറിയിലെത്തിയതായി പോലിസ് കണ്ടെത്തിയത്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി ഗുണ്ടാ ആക്രമണക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് ഓം പ്രകാശ്.