തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി; പഠനത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്

സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിന്‍സന്റ് എച്ച് പാല, ജ്യോതിമണി എന്നിവരാണ് അംഗങ്ങള്‍.

Update: 2021-05-11 17:09 GMT

ന്യൂഡല്‍ഹി: കേരളത്തിലേത് ഉള്‍പ്പെടെ അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചു. മഹാരാഷ്ട്ര മന്ത്രി അശോക് ചവാനാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്. സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിന്‍സന്റ് എച്ച് പാല, ജ്യോതിമണി എന്നിവരാണ് അംഗങ്ങള്‍.

കേരളത്തില്‍ ഉള്‍പ്പെടെ ദയനീയ പരാജയമാണ് പാര്‍ട്ടി നേരിട്ടത്. കേരളത്തില്‍ വോട്ട് വിഹിതം കൂടിയെങ്കിലും സീറ്റുകളില്‍ വിജയം ഉറപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. പുതുച്ചേരിയില്‍ ഭരണം തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ബംഗാളിലെ ഇടത് കൂട്ടുകെട്ടും ഫലം കണ്ടില്ല. ഡിഎംകെയ്‌ക്കൊപ്പം മത്സരിച്ച തമിഴ്‌നാട്ടില്‍ മാത്രമാണ് ആശ്വസിക്കാനുള്ള വകയുള്ളത്.

അതേസമയം, കേരളത്തിലെ തോല്‍വിക്ക് കാരണം വിലയിരുത്തി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എഐസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2016 ന് സമാനമായ ദയനീയമായ തിരിച്ചടിയായിരുന്നു ഇത്തവണ സംസ്ഥാനത്ത് യുഡിഎഫ് നേരിട്ടത്. 41 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. 2016ല്‍ 44 സീറ്റുകളിലായിരുന്നു യുഡിഎഫ് വിജയം. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ വെറും 21 സീറ്റുകളും. കനത്ത തിരിച്ചടിക്ക് പ്രധാന കാരണമായത് അമിത ആത്മവിശ്വാസമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത ഗ്രൂപ്പ് പോരും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോയപ്പോള്‍ കോണ്‍ഗ്രസ് ക്യാംപില്‍ ഗ്രൂപ്പുകളുടെ അതിപ്രസരമായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ ഗ്രൂപ്പ് വടംവലികള്‍ ശക്തമാണെന്ന ആക്ഷേപം ശക്തമായിരുന്നു.

Tags:    

Similar News