തിരഞ്ഞെടുപ്പ് പരാജയം; ഗാന്ധിമാര്‍ രാജിസന്നദ്ധത അറിയിച്ചെന്ന് റിപോര്‍ട്ട്; നിഷേധിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി; തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് ഗാന്ധി കുടുംബത്തിലെ മൂന്നു പേരും രാജി സന്നദ്ധത അറിയിച്ചെന്ന് റിപോര്‍ട്ട്. നാളെ കോണ്‍ഗ്രസ്സിന്റെ ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് മൂന്ന് പേരും തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങി മൂന്ന് പേര്‍ക്കുമെതിരേ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മൂന്ന് പേരും പാര്‍ട്ടി നേതൃസ്ഥാനം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്.
എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കനത്ത പരാജയമാണ് സംഭവിച്ചിരുന്നത്. കൈവശമുണ്ടായിരുന്ന പഞ്ചാബ് എഎപി പിടിച്ചെടുത്തു. പ്രിയങ്ക നേതൃത്വം നല്‍കിയിരുന്ന യുപിയില്‍ 403 സീറ്റില്‍ രണ്ട് സീറ്റില്‍ മാത്രമേ വിജയിച്ചുള്ളൂ. 6 ശതമാനത്തില്‍നിന്ന് വോട്ട് 2.4 ശതമാനമായി ഇടിഞ്ഞു.