സരിന്‍ അവസരവാദിയെന്ന് ആത്മകഥയില്‍ പരാമര്‍ശം; ഇന്ന് സരിന് വേണ്ടി ഇ പി ജയരാജന്‍ വോട്ട് തേടും

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ഇ പി ജയരാജന്‍ സംസാരിക്കും. വൈകീട്ട് അഞ്ചിനാണ് പൊതുസമ്മേളനം.

Update: 2024-11-14 02:49 GMT

കണ്ണൂര്‍: അവസരവാദ രാഷ്ട്രീയത്തെ കുറിച്ച് പറയുമ്പോള്‍ പി സരിനെ കുറിച്ച് പറയണമെന്ന് ആത്മകഥയില്‍ എഴുതിയ ഇ പി ജയരാജന്‍ സരിന് വേണ്ടി വോട്ട് പിടിക്കാന്‍ പാലക്കാട്ടേക്ക്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ഇ പി ജയരാജന്‍ സംസാരിക്കും. വൈകീട്ട് അഞ്ചിനാണ് പൊതുസമ്മേളനം.

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് ഇ പി ജയരാജന്‍ ആത്മകഥയില്‍ പറയുന്നതെന്ന് റിപോര്‍ട്ടുകളുണ്ട്.

''തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷയില്‍ ആയിരുന്നു സരിന്‍. അത് നടക്കാതായപ്പോഴാണ് ഇരുട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധിയാണ്. പി വി അന്‍വര്‍ അതിലൊരു പ്രതീകമാണ്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാന്‍. സമാനമായി സരിനെ സ്ഥാനാര്‍ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ'' പുസ്തകം പറയുന്നു.

ഈ ആത്മകഥയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് ഇ പി പറയുന്നത്. വാര്‍ത്തകള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയ ഇ പി വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസാധകരായ ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

Tags:    

Similar News