രണ്ടാം പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ഇ പി ജയരാജന്റെ ആത്മകഥ; എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ഇ പി ജയരാജന്‍
എന്നാല്‍, പുറത്ത് വന്ന കാര്യങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങളാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുകയാണ്.
കണ്ണൂര്‍: രണ്ടാം ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം നേതാവ് ഇ പി ജയരാജന്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇ പി ജയരാജന്റെ ആത്മകഥയായ 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പുസ്തകത്തില്‍ ഉള്ളതായി റിപോര്‍ട്ടുകള്‍ പറയുന്നു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും പുസ്തകം പറയുന്നു.
കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയതില്‍ വലിയ പ്രയാസം ഉണ്ടാക്കിയതായാണ് ഇ പി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. താന്‍ ഇല്ലാത്ത സെക്രട്ടറിയേറ്റില്‍ ആണ് വിഷയം ചര്‍ച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിലല്ല പ്രയാസം. പാര്‍ട്ടി മനസ്സിലാക്കിയില്ല എന്നതാണ്. കേന്ദ്ര കമ്മറ്റി അംഗമായ തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് കേന്ദ്രകമ്മിറ്റി ആണ്. ഈ വിഷയത്തില്‍ പറയാനുള്ളത് കേന്ദ്രകമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് അവിടെയാണ്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ പറയേണ്ടത് അവിടെ പറയുക എന്നതാണ് കമ്മ്യൂണിസ്റ്റ് ധര്‍മ്മം. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയെടുത്ത് തീരുമാനം അണികള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഇ പി ആത്മകഥയില്‍ വ്യക്തമാക്കുന്നു.
സെക്രട്ടറിയേറ്റില്‍ അറിയിച്ചശേഷമാണ് സാന്റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവരില്‍ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാല്‍ വി എസ് അച്യുതാനന്ദന്‍ അത് തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തിയുണ്ട്. ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിനു ദോഷമുണ്ടാക്കുമെന്നു പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്‌സ് ഇന്ന് പുറത്തിക്കുമെന്നാണ് സൂചന.
എന്നാല്‍, പുറത്ത് വന്ന കാര്യങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങളാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തീകരിക്കാത്ത ആത്മകഥയെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തില്‍ വാര്‍ത്ത വന്നതെന്ന് അറിയില്ല. ബോധപൂര്‍വം സൃഷ്ടിച്ചിട്ടുള്ള കഥയാണിത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.