'രക്തം പുരണ്ട കൈകളുമായി ചരിത്രം രചിക്കുന്നു'; ബൈഡനെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി ഉര്‍ദുഗാന്‍
'ഇന്ന്, ഇസ്രായേലിനുള്ള ആയുധ വില്‍പ്പനയില്‍ ബൈഡന്റെ ഒപ്പ് കണ്ടു. വളരെ പ്രധാനപ്പെട്ട 8,50,000 ആയുധങ്ങള്‍ വില്‍ക്കാനുള്ള ധാരണയാണിത്. സംസാരിക്കുമ്പോള്‍ വലിയ വായില്‍ നിരായുധീകരണത്തെക്കുറിച്ച് സംസാരിക്കുന്നവരാണവര്‍'- അദ്ദേഹം പറഞ്ഞു.
ആങ്കറ: ഗസയിലെ ഇസ്രായേല്‍കൂട്ടക്കുരുതിയെ പിന്തുണയ്ക്കുകയും ഇസ്രയേലുമായി ആയുധക്കരാര്‍ ഒപ്പിടുകയും ചെയ്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. യുഎസ് പ്രസിഡന്റ് 'രക്തം പുരണ്ട കൈകളുമായി ചരിത്രം രചിക്കുകയാണെന്ന്' ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.
'ഇന്ന്, ഇസ്രായേലിനുള്ള ആയുധ വില്‍പ്പനയില്‍ ബൈഡന്റെ ഒപ്പ് കണ്ടു. വളരെ പ്രധാനപ്പെട്ട 8,50,000 ആയുധങ്ങള്‍ വില്‍ക്കാനുള്ള ധാരണയാണിത്. സംസാരിക്കുമ്പോള്‍ വലിയ വായില്‍ നിരായുധീകരണത്തെക്കുറിച്ച് സംസാരിക്കുന്നവരാണവര്‍'- അദ്ദേഹം പറഞ്ഞു.
'മിസ്റ്റര്‍. ബൈഡന്‍, അര്‍മേനിയന്‍ കൂട്ടക്കൊലയില്‍ നിങ്ങള്‍ അര്‍മേനിയക്കാര്‍ക്കൊപ്പം നിന്നു. ഇപ്പോള്‍, ആയിരക്കണക്കിന് പേരുടെ രക്തസാക്ഷിത്വത്തിന് കാരണമായ ഗസയില്‍ ഗുരുതരമായ ഏകപക്ഷീയമായ ആക്രമണങ്ങള്‍ അരങ്ങേറുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ 'രക്തം പുരണ്ട കൈകളാല്‍ ചരിത്രം രചിക്കുകയാണ്'- ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ബൈഡനെതിരായ ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണ് ഉര്‍ദുഗാന്റെ പരാമര്‍ശം. 'ഇത് പറയാന്‍ നിങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കിയതാണെന്നും ഇക്കാര്യത്തില്‍ ഇനിയും മൗനം പാലിക്കാന്‍ കഴിയില്ലെന്നും ഉര്‍ദുഗാന്‍ തുറന്നടിച്ചു.
ഉസ്മാനിയ ഖിലാഫത്തിന്റെ അവസാനത്തോടെ സമാധാനം നഷ്ടപ്പെട്ട മറ്റ് പല പ്രദേശങ്ങളെയും പോലെ ഫലസ്തീനും ഉപദ്രവവും കഷ്ടപ്പാടും രക്തവും കൊണ്ട് ഉണരുകയാണ്. നിങ്ങള്‍ അതിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാന്‍സലറി കെട്ടിടത്തില്‍ നിന്ന് ഇസ്രായേല്‍ പതാക ഉയര്‍ത്തിയ ഓസ്ട്രിയയുടെ നടപടിയേയും ഉര്‍ദുഗാന്‍ അപലപിച്ചു.