ഉന്നതതല നയതന്ത്ര ചര്‍ച്ചയ്ക്കായി ഉര്‍ദുഗാന്‍ ഖത്തറിലേക്ക്

ഇരു സഖ്യകക്ഷികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തുര്‍ക്കി സ്‌റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-12-06 15:09 GMT

ആങ്കറ: ഉന്നത തല നയതന്ത്ര ചര്‍ച്ചകളും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ദ്വിദിന സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് തുര്‍ക്കി സ്‌റ്റേറ്റ് മീഡിയ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഉര്‍ദുഗാന്‍ ദോഹയിലേക്ക് തിരിക്കുക.

ഇരു സഖ്യകക്ഷികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തുര്‍ക്കി സ്‌റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഉര്‍ദുഗാനും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ചൊവ്വാഴ്ച നടക്കുന്ന ഏഴാമത് ഖത്തര്‍തുര്‍ക്കി സുപ്രിം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഉര്‍ദുഗാന്റെ കൂടെ ദോഹയിലെത്തുന്ന തുര്‍ക്കിയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും അടങ്ങുന്ന പ്രതിനിധി സംഘം ഖത്തര്‍ പ്രതിനിധികളുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

സംസ്‌കാരം, വ്യാപാരം, നിക്ഷേപം, ദുരിതാശ്വാസം, കായികം, വികസനം, ആരോഗ്യം, മതകാര്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ കരാറുകള്‍ ഉച്ചകോടിയില്‍ ഒപ്പുവെക്കുമെന്ന് ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ മുസ്തഫ ഗോക്‌സു അല്‍ ജസീറയോട് പറഞ്ഞു.

2015 ലെ സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ആദ്യ യോഗത്തിനു ശേഷം ഇരു രാജ്യങ്ങളും ഇതിനകം നൂറുകണക്കിന്് കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്.ഗള്‍ഫ് മേഖലയിലെ തുര്‍ക്കിയുടെ ഏക സൈനിക താവളമായ ദോഹയില്‍ ആയിരക്കണക്കിന് തുര്‍ക്കി സൈനികരാണുള്ളത്. ഖത്തര്‍ വ്യോമസേനയുടെ

പരിശീലനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി നൂറുകണക്കിന് ഖത്തര്‍ സൈനികരെയും 36 യുദ്ധവിമാനങ്ങളെയും തുര്‍ക്കിയിലേക്ക് താല്‍ക്കാലികമായി വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയുടെയും ലിറയുടെ ദ്രുതഗതിയിലുള്ള മൂല്യത്തകര്‍ച്ചയുടെയും ഫലമായി തുര്‍ക്കിയുടെ വിദേശകരുതല്‍ ശേഖരം ശോഷിച്ചിട്ടുണ്ട്.

2017ല്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും കൂടുതല്‍ അടുത്തത്.

Tags:    

Similar News