സൗദി സന്ദര്‍ശന പ്രഖ്യാപനത്തോടെ ഉര്‍ദുഗാന്‍ ലക്ഷ്യമിടുന്നതെന്ത്?
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കി തന്റെ സൗദി സന്ദര്‍ശനം പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
ആങ്കറ: സൗദി വിമത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ ഇസ്താംബൂളില്‍വച്ചുള്ള കൊലപാതകവും അറബ് രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ തുര്‍ക്കി ഖത്തറിന് നല്‍കിയ പിന്തുണയും സൗദി-തുര്‍ക്കി ബന്ധത്തില്‍ കടുത്ത വിള്ളലാണ് വീഴ്ത്തിയത്. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത് ഇതിന്റെ അനന്തരഫലങ്ങളിലൊന്നായിരുന്നു. ഇതു തുര്‍ക്കി വ്യവസായികള്‍ക്കും രാജ്യത്തെ സാമ്പത്തിക രംഗത്തിനും വന്‍ നഷ്ടമാണ് വരുത്തിവച്ചത്.
എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കി തന്റെ സൗദി സന്ദര്‍ശനം പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. വരുന്ന ഫെബ്രുവരില്‍ സൗദി സന്ദര്‍ശിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കിരീടാവകാശി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ക്ഷണപ്രകാരമാണ് ഉര്‍ദുഗാന്‍ സൗദി സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്.
തുര്‍ക്കി ഉല്‍പ്പന്നങ്ങളുടെ സൗദിയുടെ അപ്രഖ്യാപിത വിലക്കിനെ സംബന്ധിച്ചും ഈ പ്രശ്‌നം പരിഹരിക്കുന്നതിനെക്കുറിച്ചുള്ള തുര്‍ക്കി വനിതാ വ്യവസായിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഉര്‍ദുഗാന്‍ തന്റെ സൗദി സന്ദര്‍ശനം പ്രഖ്യാപിച്ചത്.
ഡിസംബറില്‍ അബുദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആങ്കറ സന്ദര്‍ശനത്തിന് ശേഷം പ്രഖ്യാപിച്ചത് പോലെ ഉര്‍ദുഗാന്‍ അടുത്ത മാസം യുഎഇ തലസ്ഥാനവും സന്ദര്‍ശിക്കുന്നുണ്ട്. യുഎഇ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയും തുര്‍ക്കിയിലേക്ക് മടങ്ങുന്നതിന് മുമ്പും ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ആഗസ്തില്‍ എമിറാത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തഹ്‌നൂന്‍ ബിന്‍ സായിദിന്റെ തുര്‍ക്കി തലസ്ഥാനത്തെ സന്ദര്‍ശനത്തെത്തുടര്‍ന്ന് യുഎഇയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം അതിവേഗം പുനഃസ്ഥാപിക്കപ്പെട്ടത്, ആങ്കറ-കെയ്‌റോ-റിയാദ് ബന്ധത്തില്‍ പുരോഗതിക്കും പ്രതീക്ഷകള്‍ക്കും കാരണമായിരുന്നു.
ഇത് ഒരു വശത്ത് തുര്‍ക്കിക്കും ഈജിപ്തിനും ഇടയിലും മറുവശത്ത് തുര്‍ക്കിക്കും സൗദി അറേബ്യക്കും ഇടയിലും സമാനമായ അനുരഞ്ജനത്തിനുള്ള വാതിലുകളാണ് തുറന്നിട്ടത്.
എന്നിരുന്നാലും, തുര്‍ക്കി-സൗദി ബന്ധങ്ങളില്‍ ആസന്നമായ പുരോഗതിയെക്കുറിച്ച് സൗദിയുടെ ഭാഗത്ത് അനുകൂല സൂചകങ്ങളുടെ അഭാവം പരിഗണിക്കുമ്പോള്‍ ഈ സന്ദര്‍ശനത്തെക്കുറിച്ചുള്ള തുര്‍ക്കി പ്രസിഡന്റിന്റെ പ്രഖ്യാപനം പല നിരീക്ഷകരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.
'നവംബറില്‍ ഉര്‍ദുഗാന്‍ അബുദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ആങ്കാറയുമായുള്ള ബന്ധം നന്നാക്കുന്നതില്‍ റിയാദ് കൂടുതല്‍ ഗൗരവമായി മാറിയിരിക്കുന്നു' എന്ന് തുര്‍ക്കിയും സൗദി അറേബ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ പരിചയമുള്ള ഒരു മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്രിട്ടന്റെ മിഡില്‍ ഈസ്റ്റ് ഐ വെബ്‌സൈറ്റ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള തുര്‍ക്കിയുടെ ആഗ്രഹത്തില്‍ സൗദി അറേബ്യയുടെ അയവുള്ള നിലപാടിലെ മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്, കാരണം ആങ്കാറ കുറച്ചുകാലമായി സൗദി അറേബ്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അതിനായി കരുക്കള്‍ നീക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ നീക്കത്തെ അടുത്തിടെ വരെ സൗദി വശം സ്വാഗതം ചെയ്തിരുന്നില്ല, 'ഞങ്ങള്‍ മുമ്പ് അവരെ സമീപിച്ചിരുന്നു, പക്ഷേ അവര്‍ ഗൗരവത്തിലെടുത്തില്ല.' 'ഇത്തവണ അവര്‍ തങ്ങളെ സമീപിച്ചു. ഈ പ്രാദേശിക അനുരഞ്ജനത്തില്‍ തങ്ങള്‍ ഒഴിവാക്കപ്പെടുന്നതായി സൗദികള്‍ക്ക് തോന്നി. അവര്‍ അതിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു'-തുര്‍ക്കി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൗദിയുടെ നിലപാട് മാറ്റത്തിന് പിന്നിലെ ഘടകങ്ങള്‍
തുര്‍ക്കിയുമായുള്ള അനുരഞ്ജനത്തില്‍ സൗദിയുടെ നിലപാട് മയപ്പെടുത്തിയ നിരവധി ഘടകങ്ങളുണ്ട്. സമീപകാല തുര്‍ക്കി-എമിറാത്തി സൗഹൃദം തീര്‍ച്ചയായും ഈ ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മൂന്ന് ജിസിസി രാജ്യങ്ങളുമായുള്ള തുര്‍ക്കിയുടെ ബന്ധം മികച്ചതായിരുന്നു എന്നതാണ് ഇതിന് കാരണം.
ഖത്തര്‍, കുവൈറ്റ്, ഒമാന്‍ എന്നിവയ്‌ക്കൊപ്പം യുഎഇയും ബഹ്‌റയ്‌നും തുര്‍ക്കിയുമായി സൗഹൃദം പുനസ്ഥാപിച്ചതോടെ തുര്‍ക്കിയോടുള്ള ശത്രുതയില്‍ സൗദി അറേബ്യ ഈ മേഖലയില്‍ ഒറ്റപ്പെട്ടിരുന്നു.
അതേപോലെ, മേഖലയിലെ എതിരാളിയായ ഇറാന്റെ നിഴല്‍ യുദ്ധവും സൗദിയുടെ നിലപാട് മാറ്റത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ബാഗ്ദാദിന്റെ മധ്യസ്ഥതയില്‍ റിയാദും തെഹ്‌റാനും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അവ പരാജയപ്പെട്ടിരുന്നു. സല്‍മാന്‍ രാജാവ് ഉള്‍പ്പെടെയുള്ള സൗദി ഉദ്യോഗസ്ഥരുടെ സമീപകാല പ്രസ്താവനകള്‍ ഇതിന് തെളിവാണ്. മറ്റ് രാജ്യങ്ങളില്‍ 'വിഭാഗീയ സായുധ പോരാളികളെ കെട്ടിപ്പടുക്കുകയും അവരുടെ സൈനിക ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെ പ്രാദേശിക സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്ന ഇറാനിയന്‍ സര്‍ക്കാരിന്റെ നയം ഞങ്ങള്‍ ആശങ്കയോടെ പിന്തുടരുന്നു', ലെബനനിലെ തങ്ങളുടെ പ്രോക്‌സി മുഖേന സൗദി അറേബ്യയ്‌ക്കെതിരേ തെഹ്‌റാന്‍ നടത്തിയ ആക്രമണവും സൗദി-ഇറാന്‍ ചര്‍ച്ചകളുടെ പരാജയത്തെ സൂചിപ്പിക്കുന്നു.
തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്കുള്ള അപ്രഖ്യാപിത വിലക്ക് ചര്‍ച്ചയാവും
ജനകീയ ബഹിഷ്‌കരണത്തിന്റെ മറവില്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്ക് തുര്‍ക്കി പ്രസിഡന്റിന്റെ റിയാദ് സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നതില്‍ സംശയമില്ല.
ഉര്‍ദുഗാന്റെ സന്ദര്‍ശനത്തിനുശേഷം തുര്‍ക്കിയുമായി ഇടപെടല്‍ പൂജ്യം എന്ന മുദ്രാവാക്യം അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഈ നയം, കൊറോണ വൈറസ് വ്യാപന സാഹചര്യത്തില്‍, തുര്‍ക്കി സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതിനു മുമ്പ്, സൗദി ബിസിനസുകാരെയും വ്യാപാരികളെയും സൗദി ജനതയെ തന്നെയും ആഴത്തില്‍ ദ്രോഹിക്കുന്നതാണ്.
സൗദി-തുര്‍ക്കി ബന്ധത്തെ ഉലച്ചത് എന്ത്?
സൗദി എഴുത്തുകാരന്‍ ജമാല്‍ ഖഷഗ്ജി ഇസ്താംബൂളിലെ അദ്ദേഹത്തിന്റെ രാജ്യത്തിന്റെ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ട കേസാണ് തുര്‍ക്കി-സൗദി ബന്ധം വഷളാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്.
കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നതിനും നീതി നേടുന്നതിനുമുള്ള എല്ലാ തെളിവുകളും കൈമാറിയതിനു ശേഷം, കേസില്‍ സൗദി കോടതിയുടെ വിധിയെ മാനിക്കുന്നതായി തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കാലിന്‍ മുഖേന തുര്‍ക്കി പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിസൗദി ബന്ധവും ഇരുരാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും ഈ വിഷയത്തില്‍ ബന്ദിയാക്കുന്നത് യുക്തിരഹിതമാണെന്ന് ആങ്കറ കരുതുന്നു.
തുര്‍ക്കി-സൗദി ബന്ധം അവരുടെ സാധാരണ ഗതിയിലേക്ക് മടങ്ങിവരുന്നത് ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യത്തിനനുസരിച്ചായിരിക്കും.
ഉര്‍ദുഗാന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനം, അത് പ്രഖ്യാപിച്ചതുപോലെ നടക്കുകയാണെങ്കില്‍, അത് മഞ്ഞുരുകി, പിരിമുറുക്കത്തിന്റെ പേജ് മാറ്റുമെന്നും, ആങ്കറയും റിയാദും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്നും പ്രതീക്ഷിക്കാം.