ചന്ദ്രയാന്‍ വിക്ഷേപിക്കുമ്പോഴും ചിലര്‍ ജാതി വിവേചനം പ്രചരിപ്പിക്കുന്നു; ഉദയനിധിയെ പിന്തുണച്ച് സ്റ്റാലിന്‍
ചെന്നൈ: സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന മന്ത്രിയും മകനുമായ ഉദയ്‌നിധി സ്റ്റാലിന്റെ പ്രസ്താവനയെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍ രംഗത്ത്. 'ചന്ദ്രനിലേക്ക് നമ്മള്‍ ചന്ദ്രയാന്‍ വിക്ഷേപിക്കുമ്പോഴും ചിലര്‍ ജാതി വിവേചനം പ്രചരിപ്പിക്കുന്നത് തുടരുകയാണെന്നും സ്ത്രീകള്‍ ജോലി ചെയ്യരുതെന്നും വിധവകളായ സ്ത്രീകള്‍ പുനര്‍വിവാഹം കഴിക്കരുതെന്നും വാദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധിയുടെ പരാമര്‍ശത്തിനെതിരേ സംഘപരിവാരം രംഗത്തെത്തിയതിനു പിന്നാലെയാണ് എം കെ സ്റ്റാലിന്റെ വിശദീകരണം. പട്ടികജാതി, വര്‍ഗ, സ്ത്രീ വിവേചനം കാണിക്കുന്ന സനാതന്‍ ധര്‍മയുടെ മനുഷ്യത്വരഹിതമായ തത്ത്വങ്ങളെക്കുറിച്ച് മാത്രമാണ് ഉദയനിധി സ്റ്റാലിന്‍ സംസാരിച്ചത്. ഒരു മതത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചില ആളുകള്‍ ആത്മീയ വേദികളില്‍ ഇപ്പോഴും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നു. അടിച്ചമര്‍ത്തല്‍ തത്വങ്ങള്‍ക്കെതിരായ ഉദയനിധിയുടെ നിലപാട് സഹിക്കാന്‍ കഴിയാത്ത ബിജെപി അനുകൂല ശക്തികള്‍ള്‍ സ്ത്രീകളെ അടിച്ചമര്‍ത്താന്‍ സനാതന്‍ ധര്‍മത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'മനുഷ്യരാശിയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ അടിച്ചമര്‍ത്താന്‍ അവര്‍ 'സനാതന്‍' എന്ന പദം ഉപയോഗിക്കുന്നു. അത്തരം അടിച്ചമര്‍ത്തല്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ മാത്രമാണ് ഉദയനിധി സംസാരിച്ചത്. ആ പ്രത്യയശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ആചാരങ്ങള്‍ ഉന്മൂലനം ചെയ്യാനാണ് ആഹ്വാനം ചെയ്തതെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി. ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ 'ട്രോളന്‍ ആര്‍മി' നുണകള്‍ പ്രചരിപ്പിക്കുകയാ്. തന്റെ മകനായ ഉദയനിധി സ്റ്റാലിന്‍ ജനങ്ങളെ വംശഹത്യക്ക് ആഹ്വാനം ചെയ്‌തെന്ന് നുണ പ്രചരിപ്പിപ്പിക്കുകയാണ് കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിങുമെന്നും അദ്ദേഹം പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരേ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തത്തിയിരുന്നു. ഉദയനിധിയെ 'ഹിറ്റ്‌ലര്‍' എന്ന് വിളിക്കുകയും 'തന്റെ മനസ്സ് ഒരു കൊതുക് പോലെ ചെറുതും മലേറിയ പോലെ വൃത്തികെട്ടതുമാണെന്നുമാണ് വിമര്‍ശിച്ചത്. സനാതന്‍ ധര്‍മ വിവാദത്തില്‍ ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ഒരു ക്ഷേത്രത്തിലെ സന്യാസി ഉദയനിധി സ്റ്റാലിന്റെ തലയ്ക്ക് 10 കോടി രൂപ ഇനാം നല്‍കിയെന്ന റിപോര്‍ട്ടുകളെയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചു. വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തോ...? പകരം അവര്‍ ഉദയനിധിക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തു. മന്ത്രി പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പരിശോധിക്കാന്‍ തന്റെ പക്കല്‍ വിഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ 'ശരിയായ പ്രതികരണം ആവശ്യമാണ്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെയും സ്റ്റാലിന്‍ വിമര്‍ശിച്ചു. പ്രചരിക്കുന്ന നുണകള്‍ അറിയാതെയാണോ അതോ അറിഞ്ഞുകൊണ്ടാണോ പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 'ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളുടെ ഇന്‍ഡ്യ സഖ്യം പ്രധാനമന്ത്രിയെ വലച്ചതായി തോന്നുന്നു. ഭയം കൊണ്ടാണ് അദ്ദേഹം 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിര്‍ദേശിക്കുന്നത്. 'സനാതന'ത്തിലെ വിവേചനപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബിജെപിക്ക് യഥാര്‍ത്ഥത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.