ഖുര്‍ആന്‍ സൂക്തങ്ങള്‍ നീക്കംചെയ്യണമെന്ന ആവശ്യം: യുപി ഷിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിക്കെതിരേ കേസ്

Update: 2021-03-17 06:26 GMT

ബറേലി: ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നതെന്ന് പറഞ്ഞ് ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട യുപി ഷിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിക്കെതിരേ പോലിസ് കേസെടുത്തു. മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. അഞ്ജുമാന്‍ കോത്‌വാലി ഖുദ്ദം ഇ റസൂല്‍ സെക്രട്ടറി ഷാന്‍ അഹ്മദിന്റെയും ഇത്തിഹാദെ മില്ലത്ത് കൗണ്‍സിലിന്റെയും പരാതിയിലാണ് ബറേലിയിലെ കോത്‌വാലി പോലിസ് കേസെടുത്തത്. ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയും അവഹേളിക്കുന്നതിലൂടെ മതപരമായ വികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് ബറേലി സീനിയര്‍ പോലിസ് സൂപ്രണ്ട് രോഹിത് സിങ് സജ്‌വാന്‍ പറഞ്ഞു.

    ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് റിസ് വി സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വസീം റിസ്‌വിക്കു പിന്നില്‍ വിഭാഗീയ സേന പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ പുറത്തുകൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും രാജ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മൗലാന അഫ്രോസ് രാജാ ഖാദ് രി അഭിപ്രായപ്പെട്ടു.

    വസീം റിസ്‌വിക്കെതിരേ ഞായറാഴ്ച ഷിയാ വിഭാഗക്കാര്‍ ഉള്‍പ്പെടെ മുസ്‌ലിം സമുദായത്തിലെ ആയിരങ്ങള്‍ ലഖ്‌നൗവില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ബിയ ഇമാംബരയില്‍ നടന്ന പ്രതിഷേധത്തില്‍ ഷിയാ പുരോഹിതനും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സീനിയര്‍ അംഗവുമായ മൗലാന ഖല്‍ബെ ജാവേദ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. സദസ്സിനെ അഭിസംബോധന ചെയ്ത് മൗലാന സയ്യിദ് സല്‍മാന്‍ ഹസ്‌നി നദ് വി മുസ് ലിം ഐക്യത്തിന് ഊന്നല്‍ നല്‍കുകയും വസീം റിസ്‌വിയെ 'കാഫിര്‍ (അവിശ്വാസി)', 'മുജ് രിം (ക്രിമിനല്‍)' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. 'ഞങ്ങള്‍ ആദ്യം ഖുആര്‍നെയും അല്ലാഹുവിനെയും വിശ്വാസിക്കുന്നവരാണ്. പിന്നീട് സുന്നിയും ഷിയയും. അതിനാല്‍ ഖുആര്‍ആനെ സംബന്ധിച്ചിടത്തോളം നമുക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും നദ്‌വി പറഞ്ഞിരുന്നു. 'അദ്ദേഹം മതവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം ഖുര്‍ആനെതിരേ എല്ലാ പരിധിയും ലംഘിച്ചെന്നും വസീം റിസ്‌വിയെ ഉടന്‍ അറസ്റ്റ് ചെയ്ത് കനത്ത പിഴ ചുമത്തണമെന്നും മൗലാന ഖല്‍ബെ ജാവേദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

    'വസീം റിസ് വി ഖുര്‍ആന്റെയും ഇസ്‌ലാമിന്റെയും ശത്രുവാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ ഒരു മാറ്റം പോലും സാധ്യമല്ല. വിലകുറഞ്ഞ പ്രശസ്തി നേടുന്നതിനും വഖ്ഫ് അഴിമതിയില്‍ നിന്ന് രക്ഷപ്പെടാനുമാണ് അദ്ദേഹം ഇത് ചെയ്യുന്നത് എന്നായിരുന്നു ബറേല്‍വി മുസ്‌ലിംകളുടെ പ്രമുഖ കേന്ദ്രമായ ദര്‍ഗായെ ആലം ഹസ്രത്ത് മുഫ്തി അഹ്‌സാന്‍ രാജ ഖാദ് രിയുടെ അഭിപ്രായം.

Ex-Shia Waqf Board Chief Charged For Moving Top Court To Remove Quran Verses

Tags:    

Similar News