ഭൂമി ഇടപാടില്‍ 5 കോടി കൈക്കൂലി വാഗ്ദാനം; യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെ കുടുക്കി ഒളികാമറ -വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് എം കെ രാഘവന്‍

വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും എം കെ രാഘവന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസിനമും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-04-03 16:17 GMT

കോഴിക്കോട്: ഒളികാമറാ ഓപ്പറേഷനില്‍ കുടുങ്ങി കോഴിക്കോട്ടെ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവന്‍. ടിവി 9ന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് രാഘവന്‍ കുടുങ്ങിയത്. കോഴിക്കോട് നഗരത്തില്‍ 15 ഏക്കര്‍ സ്ഥലം എടുക്കാന്‍ എംപി ഇടനിലക്കാരനായി നില്‍ക്കണം എന്ന് ആവശ്യപ്പെട്ടാണ് ടിവി 9 ഭാരതവര്‍ഷ ചാനല്‍ സംഘം എംപിയെ കാണുന്നത്. ഇതിന്റെ കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം കറന്‍സി ആയി മതി എന്നും രാഘവന്‍ പറയുന്നുണ്ട്. എന്നാല്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന വാദവുമായി എംകെ രാഘവന്‍ രംഗത്തെത്തി. വാര്‍ത്ത വ്യാജമാണെന്നും രാഷ്ട്രീയ ഗൂഢാലോചയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ 20 കോടി രൂപയാണ് തനിക്ക് ചിലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചിലവുകള്‍ ഉണ്ടെന്നും രാഘവന്‍ പറയുന്നതായി വീഡിയോയില്‍ വ്യക്തമാണ്. ഇതില്‍ രണ്ട് കോടി രൂപ കോണ്‍ഗ്രസ് നേതൃത്വം പണമായി എത്തിച്ചു തന്നു എന്നും ബാക്കി താന്‍ സംഘടിപ്പിച്ചു എന്നും രാഘവന്‍ പറയുന്നുണ്ട്.

എന്നാല്‍, വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും എം കെ രാഘവന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസിനമും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.




Similar News