സംഘര്‍ഷഭരിതമായി ഡല്‍ഹി: കര്‍ഷകര്‍ ചെങ്കോട്ടയില്‍; കൊല്ലപെട്ട കര്‍ഷകന്റെ മൃതദേഹുമായി പ്രതിഷേധം

Update: 2021-01-26 09:49 GMT

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ മാര്‍ച്ച് ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകര്‍ കൊടി ഉയര്‍ത്തുകയും ചെയ്തു. ദിക്രി അതിര്‍ത്തിയില്‍ നിന്നെത്തിയ കര്‍ഷകരാണ് ചെങ്കോട്ടയില്‍ കയറിയിരിക്കുന്നത്.

ചെങ്കോട്ടയുടെ സുരക്ഷാ ചുമതല വഹിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗം കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. നൂറു കണക്കിന് കര്‍ഷകരാണ് ചെങ്കോട്ടിയില്‍ പ്രവേശിച്ചിരിക്കുന്നത്. സിംഘു അതിര്‍ത്തിയിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഐടിഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരഖാണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു.

മൃതദേഹവുമായി എത്രയുംവേഗം സ്ഥലത്തുനിന്നും മാറണമെന്ന് പോലീസ് നിര്‍ദ്ധേശിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ്. ട്രാക്ടര്‍ ഓടിച്ച കര്‍ഷകനുനേരം പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തതോടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് മരണകാരണമെന്ന് കര്‍ഷകര്‍ പറയുന്നു. മൃതദേഹവുമായി ചെങ്കോട്ടയിലേക്കു നീങ്ങുമെന്നും കര്‍ഷകര്‍ പറയുന്നു.




Similar News