ഫസീലയുടെ കൊലപാതകം: സനൂഫുമായി തെളിവെടുപ്പ് തുടങ്ങി; തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തുഞെരിച്ചു കൊന്നെന്ന് പോലിസ്

കൊല നടന്ന ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയില്‍ പോലിസ് സംഘവും പ്രതിയും 40 മിനുട്ട് ചെലവഴിച്ചു.

Update: 2024-12-07 04:13 GMT

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മലപ്പുറം സ്വദേശി ഫസീലയെ കൊന്ന കേസിലെ പ്രതി അബ്ദുല്‍ സനൂഫുമായി പോലിസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ലോഡ്ജില്‍ എത്തി തെളിവെടുത്തു. കൊല നടന്ന ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയില്‍ പോലിസ് സംഘവും പ്രതിയും 40 മിനുട്ട് ചെലവഴിച്ചു. ഫസീലയെ കൊലപ്പെടുത്തിയ രീതിയും കൊലപ്പെടുത്താനുണ്ടായ സാഹചര്യവും പ്രതി പോലിസിനോട് വിശദീകരിച്ചു.

യുവതി ജോലിചെയ്തിരുന്ന കുന്ദമംഗലത്തെ തുണിക്കടയിലും പോലിസ് തെളിവെടുപ്പ് നടത്തി. ഇവിടെനിന്നാണ് പ്രതി യുവതിയെ ലോഡ്ജിലേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയത്. കൊലപാതകശേഷം രക്ഷപ്പെടുന്നതിനിടെ ഇയാള്‍ ഉപയോഗിച്ചിരുന്ന സിമ്മെടുത്ത ബംഗളൂരുവിലെ കടയില്‍ അടുത്തദിവസം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ മാസം 30ന് 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ വ്യാഴാഴ്ചയാണ് കോടതി അഞ്ചുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടത്.

സനൂഫിനെതിരേ ഫസീല നല്‍കിയ പീഡനപരാതി സംസാരിച്ചു തീര്‍ക്കാനാണ് ഇരുവരും നവംബര്‍ 24ന് രാത്രി ലോഡ്ജില്‍ മുറിയെടുത്തത്. 25ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. വ്യാജ പീഡന പരാതി നല്‍കിയത് എന്തിനാണെന്നാണ് സനൂഫ് ചോദിച്ചത്. തുടര്‍ന്ന് ഫസീലയെ കിടക്കയിലേക്ക് കിടത്തി കഴുത്തിന് ബലമായിപ്പിടിച്ചതോടെ ശ്വാസംകിട്ടാതെ മരിച്ചു. 26ന് രാവിലെ ലോഡ്ജിലുള്ളവരാണ് ഫസീലയുടെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കാറുപേക്ഷിച്ചശേഷം ബംഗളൂരുവിലേക്കാണ് പോയത്. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി ചെന്നൈയിലേക്ക് പോയി. ചെന്നൈ ആവടിയിലെ ലോഡ്ജില്‍ നിന്ന് 29നാണ് ഇയാള്‍ പിടിയിലായത്.

Tags:    

Similar News