വിമതര്‍ക്കെതിരായ പോരാട്ടം;യുദ്ധ മുന്നണിയില്‍ ഇറങ്ങി എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ്
ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും,യുഎന്‍ ഇടപെടലും നടക്കുന്നതിനിടെയാണ് ആബിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്.യുദ്ധ മുന്നണിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം
അഡീസ് അബാബ: സര്‍ക്കാര്‍ വിരുദ്ധ റിബലുകള്‍ തലസ്ഥാനത്തേക്ക് അടുത്തതോടെ യുദ്ധ മുന്നണിയില്‍ ഇറങ്ങി എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ്. ബുധനാഴ്ചയാണ് ടിഗ്രേ വിമതരുമായി സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആഭ്യന്തര യുദ്ധത്തിന്റെ മുന്നണിയില്‍ ആബി പ്രത്യക്ഷപ്പെട്ടത് എന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും,യുഎന്‍ ഇടപെടലും നടക്കുന്നതിനിടെയാണ് ആബിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്.യുദ്ധ മുന്നണിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം എന്നാണ് ചില ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.2019ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് കൂടിയായ ആബി,സോഷ്യല്‍ മീഡിയയില്‍ 'പ്രതിരോധ സേനയെ നയിക്കാന്‍ വ്യക്തിപരമായി അണിനിരക്കും' എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എത്യോപ്യന്‍ സൈന്യത്തില്‍ റേഡിയോ ഓപ്പറേറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആബി അഹമ്മദ്,1998-2000 കാലയളവില്‍ എറിത്രിയയുമായുള്ള അതിര്‍ത്തി യുദ്ധത്തില്‍ എത്യോപ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയും ലെഫ്റ്റനന്റ് കേണല്‍ പദവി നേടുകയും ചെയ്തിരുന്നു.
നോര്‍ത്ത് ആഫ്രിക്കയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് എത്യോപ്യ.ടിഗ്രേയി വിമതര്‍ എത്യോപ്യന്‍ തലസ്ഥാനമായ അഡീസ് അബാബയ്ക്ക് സമീപം എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ ദിവസം ആബി നേരിട്ട് തന്നെ യുദ്ധ മുന്നണിയില്‍ എത്തി സൈന്യത്തിന് നേതൃത്വം നല്‍കി ഫന വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതിന്റെ മറ്റ് വീഡിയോകളോ, ഫോട്ടോയോ എത്യോപ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. അതേ സമയം അമേരിക്ക പ്രത്യേക ദൂതനെ അയച്ച് എത്യോപ്യയില്‍ വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍േറാണിയോ ഗുട്ടറസ് എത്യോപ്യയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് പോരടിക്കുന്ന ഇരുവിഭാഗത്തോടും അഭ്യര്‍ത്ഥിച്ചു. കൊളംമ്പിയയിലെ സമാധാന കരാറിന്റെ അഞ്ചാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020 നവംബറിലാണ് എത്യോപ്യന്‍ സര്‍ക്കാരും ടിഗ്രേ വിമതരും തമ്മില്‍ യുദ്ധം ആരംഭിച്ചത്. ടിഗ്രേ ഭരിച്ചിരുന്ന പ്രദേശിക സര്‍ക്കാറിനെ ആബി അഹമ്മദ് സര്‍ക്കാര്‍ സൈന്യത്തെ അയച്ച് അട്ടിമറിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യുദ്ധം പൊട്ടിപുറപ്പെട്ടത്. ആദ്യം പിന്‍വാങ്ങിയ ടിഗ്രേ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ജൂണോടെ ശക്തമായി തിരിച്ചുവന്ന് ഭൂരിഭാഗം ടിഗ്രേ പ്രദേശങ്ങളും പിടിച്ചടക്കി. പിന്നീട് ഇവര്‍ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങി. എത്യോപ്യന്‍ തലസ്ഥാനത്തിന്റെ 220 കിലോമീറ്റര്‍ അടുത്ത് എത്തിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.