ഒടുവില്‍ അര്‍ജുന്റെ മൃതദേഹം വീട്ടിലെത്തി; കണ്ണീരോടെ കണ്ണാടിക്കല്‍ ഗ്രാമം; ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Update: 2024-09-28 04:05 GMT

കോഴിക്കോട്: ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായി 72ാം ദിവസം പുഴയില്‍നിന്നു വീണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. അര്‍ജുനെ അവസാനമായി കാണാന്‍ നൂറുകണക്കിനു പേര്‍ വീട്ടിലേക്കെത്തുകയാണ്. 11 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

രാവിലെ ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലന്‍സ് കടന്നുവന്ന വഴികളില്‍ അര്‍ജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു. ജനപ്രതിനിധികള്‍ വീട്ടിലെത്തി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വൈകിട്ട് തൊട്ടടുത്ത വയലില്‍ അനുശോചനയോഗവും നടക്കും. നാട്ടിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, ക്ഷേത്രപ്രതിനിധികള്‍, പള്ളിക്കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങി എല്ലാവരും അര്‍ജുന്റെ ഓര്‍മകളില്‍ ഒത്തുചേരും.

ഇന്നലെ വൈകിട്ട് 7.15ന് കാര്‍വാറിലെ ആശുപത്രിയില്‍നിന്ന് മൃതദേഹവും വഹിച്ച് ആംബുലന്‍സ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂര്‍ത്തിയായത്. സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിളുമായി പ്രാഥമിക പരിശോധനയില്‍ത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി.


Similar News