പൊതുമുതല്‍ നശിപ്പിച്ചതിന് പിഴ; ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം

പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി വയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. ആര്‍ടിഒ ഓഫിസിലുണ്ടായ നാശ നഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ജാമ്യ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു.

Update: 2021-08-10 12:13 GMT

കണ്ണൂര്‍: അനധികൃതമായി വാഹനത്തില്‍ രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായി ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന ഇ ബുള്‍ ജെറ്റ് യൂട്യൂബര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി.

പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി വയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. ആര്‍ടിഒ ഓഫിസിലുണ്ടായ നാശ നഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ജാമ്യ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നല്ല സന്ദേശമാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ആര്‍ടിഒ ഓഫിസിലുണ്ടായ നാശനഷ്ടങ്ങളെത്രയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍, വധഭീഷണി മുഴക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങങ്ങളാണ് യൂട്യൂബര്‍മാര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം യൂട്യൂബര്‍മാരുടെ നെപ്പോളിയന്‍ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1അ) പ്രകാരമാണ് നടപടി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തിനുമാണ് നടപടി.

കണ്ണൂര്‍ കലക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് സഹോദരങ്ങളായ ലിബിനെയും എബിനെയും പോലിസ് അറസ്റ്റ് ചെയ്തത്.നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ക്കായി ഇവരോട് ഓഫിസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇരുവരും ആര്‍ടിഒ ഓഫിസിലെത്തി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.

വാന്‍ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധിപേര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫിസിലേക്ക് എത്തി. ഒടുവില്‍ വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലിസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ തകര്‍ക്കാന്‍ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇ ബുള്‍ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

Tags:    

Similar News