അവസാനം ബുള്‍ഡോസര്‍ രാജില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്; മാധ്യമപ്രവര്‍ത്തകന്റെ വീട് പൊളിച്ച സംഭവത്തിലാണ് നടപടി
സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് നടപടി
ലഖ്‌നോ: ഭൂമി കൈയ്യേറ്റം ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനും സംഘത്തിനുമെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചിലെ എഡിഎമ്മായിരുന്ന അമര്‍നാഥ് ഉപാധ്യായ അടക്കം 26 പേര്‍ക്കെതിരെയാണ് സുപ്രിംകോടതി നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.
2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയപാത നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി മനോജ്് തിബ്രവാല്‍ നിരന്തരം വാര്‍ത്തകള്‍ ചെയ്തിരുന്നു. തുടര്‍ന്ന് എഡിഎമ്മും ഉന്നത പോലിസ് ഉദ്യോഗസ്ഥരും അടങ്ങിയ സംഘം ബുള്‍ഡോസറുമായി ചെന്ന് വീട് പൊളിച്ചുനീക്കുകയായിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് നിര്‍മാണം നടത്തിയതെന്നായിരുന്നു ആരോപണം. വീടു പൊളിക്കുന്നത് കാണാന്‍ നാട്ടുകാരെ പോലിസ് വിളിച്ചുകൂട്ടുകയും ചെയ്തു.
ഈ നടപടിയെ ചോദ്യം ചെയ്താണ് മനോജ് തിബ്രവാല്‍ സുപ്രിംകോടതിയെ സമീപിച്ചത്. എഡിഎം അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്നാണ് സുപ്രിംകോടതി വിധിച്ചത്. ബൂള്‍ഡോസര്‍ രാജ് അവസാനിപ്പിക്കാനും വിധിയുണ്ടായി. ക്രിമിനല്‍ കേസിന് പുറമെ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. കൂടാതെ മനോജിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി.
സുപ്രിംകോടതി വിധി വന്നിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്ന് മനോജ് പറഞ്ഞു. പ്രത്യേക പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇതുവരെ പ്രതികളെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എസ്പി സോമേന്ദ്ര മീന പറഞ്ഞു. കേസിലെ അന്വേഷണം സുപ്രിംകോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പ്രദേശത്തെ എഡിഎമ്മായിരുന്ന വ്യക്തി ഇപ്പോള്‍ ഭിന്ന ശേഷി വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയാണെന്നും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ടെന്നും എസ്പി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വീണ്ടും സുപ്രിംകോടതിയില്‍ പോവുമെന്ന് മനോജും അറിയിച്ചു.