ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു
തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകള്‍ മാറ്റിയത് വലിയ അപകടം ഒഴിവാക്കിയെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട്: ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് ബോട്ടിന് തീപിടിച്ച് രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരുടെയും ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു.
രണ്ടുദിവസം മുന്‍പാണ് ബോട്ട് ബേപ്പൂരിലെത്തിയത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ട്ട്. ഇന്ധനം നിറച്ച ബോട്ടായതിനാല്‍ വളരെ വേഗം തീപടര്‍ന്നു. തീപിടിത്തം ഉണ്ടായതിനു പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകള്‍ മാറ്റിയത് വലിയ അപകടം ഒഴിവാക്കിയെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.