ഹിന്ദുത്വ ഫാഷിസം വെടിയുതിർത്തത് വിമത ശബ്ദങ്ങളുടെ നെഞ്ചിലേക്കായിരുന്നു; ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിന് അഞ്ചാണ്ട്
കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്കായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം തിരികൊളുത്തിയത്.
ബംഗളൂരു: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിനെ ഹിന്ദുത്വ ഫാഷിസ്റ്റുകൾ വെടിവെച്ചു കൊലപ്പെടുത്തിയിട്ട് സെപ്തംബർ അഞ്ചിന് അഞ്ചുവർഷം തികയുന്നു. ഗൗരി ലങ്കേഷ് കൊലപാതകക്കേസിലെ പ്രതികൾ അറസ്റ്റിലായെങ്കിലും കഴിഞ്ഞ ജൂലൈ നാലിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഓരോ മാസവും രണ്ടാമത്തെ ആഴ്ചയിൽ വാദം കേൾക്കൽ തുടരും. 2021 ഒക്ടോബറിൽ കൊലപാതകം, സംഘടിത കുറ്റകൃത്യം, ആയുധ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകൾ 17 പ്രതികൾക്കെതിരേ വിചാരണ കോടതി ചുമത്തിയിരുന്നു.
'ഗൗരി ലങ്കേഷ് പത്രികെ'യുടെ പത്രാധിപരായിരുന്ന ഗൗരി 2017 സെപ്തംബർ അഞ്ചിന് രാത്രി എട്ടോടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബസവനഗുഡിയിലെ തന്റെ ഓഫിസിൽ നിന്ന് രാത്രി മടങ്ങിയെത്തിയപ്പോഴായിരുന്നു വീടിന് സമീപം ബൈക്കിൽ കാത്തുനിന്ന ആക്രമികൾ വെടിവെച്ചത്.
കൊലപാതകത്തിന് പിന്നിൽ ഹിന്ദുത്വ സംഘടനകളാണെന്ന് തുടക്കത്തിലേ ആരോപണമുയർന്നിരുന്നെങ്കിലും മാവോവാദികളാണ് സംഭവത്തിന് പിന്നിലെന്ന വാദവുമായി ബിജെപി ശ്രദ്ധതിരിക്കാൻ ശ്രമിച്ചു. മാവോവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാർ നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആർഎസ്എസ്-ബിജെപി നുണപ്രചാരണം. ബിജെപിയുടെ വാദം ഏറ്റുപിടിച്ച ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് പിന്നീട് 2018 ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനിറങ്ങിയിരുന്നു.
ചെറുപ്പകാലത്ത് തന്നെ മാധ്യമപ്രവര്‍ത്തനമാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ ഗൗരി എണ്‍പതുകളില്‍ ജോലിയില്‍ പ്രവേശിച്ചു. ടൈംസ് ഓഫ് ഇന്ത്യ, സണ്‍ഡേ മാഗസിന്‍, ഈ നാട് ടി വി എന്നിവയിലെല്ലാം പ്രവര്‍ത്തിച്ചു. ഇംഗ്ലീഷില്‍ മാത്രം മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്ന ഗൗരി ലങ്കേഷ് കുറഞ്ഞ കാലം കൊണ്ട് തന്നെ കന്നഡയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹിക വിമര്‍ശകയുമായി മാറി. ഇന്ത്യയില്‍ സ്വന്തം പേരില്‍ പത്രമിറക്കാന്‍ ധൈര്യപ്പെട്ട ചുരുക്കം പത്രപ്രവര്‍ത്തകരിലൊരാളായിരുന്നു ഗൗരി.
കന്നഡ ഭാഷയില്‍ മാത്രം ഇറങ്ങുന്ന ഒരു ടാബ്ലോയിഡായിരുന്നു ഗൗരിലങ്കേഷ് പത്രികെ. പക്ഷെ നല്ല മൂര്‍ച്ചയുള്ള മാധ്യമപ്രവര്‍ത്തനം തന്നെയായിരുന്നു അവര്‍ നടത്തിയിരുന്നത്. ശക്തമായ അന്വേഷണ റിപോര്‍ട്ടുകള്‍ ഗൗരി ലങ്കേഷ് തന്റെ മാധ്യമത്തിലൂടെ പ്രസിദ്ധീകരച്ചിരുന്നു. പരസ്യ വരുമാനം വേണ്ടെന്ന് വച്ചു. മരണത്തിന് തൊട്ടുമുമ്പ് എഴുതിയ മുഖപ്രസംഗത്തിലും അവര്‍ ബിജെപിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.
ഒരു രാഷ്ട്രീയ ആക്ടിവിസ്റ്റിന്റെ പ്രസിദ്ധീകരണം എന്നതിലപ്പുറം മാധ്യമ പ്രവര്‍ത്തനത്തെ അതിന്റെ പൂര്‍ണതയില്‍ തന്നെയായിരുന്നു ഗൗരി കണ്ടിരുന്നത്. പതിനാറ് മണിക്കൂറോളം അവര്‍ ദിവസവും ജോലി ചെയ്തിരുന്നു. വാര്‍ത്തകളുടെ എഡിറ്റിങ്ങിലും പ്രൂഫ് റീഡിങ്ങിലുമെല്ലാം അവര്‍ വലിയ കണിശത പുലര്‍ത്തി. പത്രികെയിലെ ഓരോ വാര്‍ത്തകളും ലേഖനങ്ങളും നേരിട്ട് മൂന്ന് തവണയെങ്കിലും വായിച്ച് കൃത്യത ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഗൗരി അവ പ്രസിദ്ധീകരിക്കുള്ളുവായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചിട്ടുണ്ട്.
മരണമുറപ്പാക്കാനായി എഴ് തവണയാണ് ഹിന്ദുത്വർ ഗൗരിക്ക് നേരേ വെടിയുതിര്‍ത്തത്. മൂന്നെണ്ണം മൃതദേഹത്തില്‍ നിന്നും കിട്ടി. നാലെണ്ണം പാഴായിപ്പോയി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അവര്‍ കൊലപാതകം നടത്തിലാക്കിയത്. ഈവന്റ് എന്ന രഹസ്യനാമമായിരുന്നു കൊലപാതക പദ്ധതിക്ക് നല്‍കിയിരുന്നത്. കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്കായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം തിരികൊളുത്തിയത്.
എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പാന്‍സരെ, നരേന്ദ്ര ധഭോല്‍ക്കര്‍ എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച 7.65 എംഎം തോക്ക് തന്നെയായിരുന്നു ഗൗരിയെയും ഇല്ലാതാക്കിയത്. സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഘടനയുടെ പ്രവര്‍ത്തകരായ പതിനെട്ട് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പരശുറാം വാഗ്‌മർ എന്നയാളാണ് വെടിവെച്ചതെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. 2018 മെയ് 30 നും നവംബര്‍ 23നുമായി 9325 പേജുള്ള രണ്ട് ചാര്‍ജ്ഷീറ്റുകള്‍ അന്വേഷണ സംഘം സമര്‍പ്പിച്ചു. വിചാരണ വൈകുന്നതിനെതിരേ ഗൗരിയുടെ കുടുംബം കോടതിയെ സമീപിച്ചു. തുടര്‍ന്നും ഏറെ വിവാദങ്ങളുണ്ടായ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.