'കെ സുരേന്ദ്രനെയും കെ ശ്രീകാന്തിനെയും പുറത്താക്കണം'; കാസര്‍കോട് ബിജെപി കേന്ദ്രങ്ങളില്‍ ഫ് ളക്‌സ് ബോര്‍ഡുകള്‍
കാസര്‍കോട്: കാസര്‍കോട് ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ പ്രതിഷേധം കടുപ്പിച്ച് കാസര്‍കോട്ടെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുവന്നു. കെ സുരേന്ദ്രനെയും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്തിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്രങ്ങളില്‍ ഫ് ളക്‌സ് ബോര്‍ഡുകളുയര്‍ന്നു. ഉദയഗിരി, പാറക്കട്ട, ജെ പി കോളനി, കറന്തക്കാട് പ്രദേശങ്ങളിലാണ് ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷിന്റെ ചരമവാര്‍ഷികദിനത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ബലിദാനികളെ അപമാനിച്ചവരെ സംരക്ഷിക്കുന്ന സുരേന്ദ്രനെയും ശ്രീകാന്തിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാണ് ബോര്‍ഡിലെ ആവശ്യം.
കെ ശ്രീകാന്ത്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ സുരേഷ്‌കുമാര്‍ ഷെട്ടി, മഞ്ചേശ്വരം മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി കെ മണികണ്ഠ റൈ എന്നിവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രണ്ടുതവണ ജില്ലാ കമ്മിറ്റി ഓഫിസ് ഉപരോധിച്ച് താഴിട്ടുപൂട്ടിയിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് പി രമേശന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പദവികള്‍ രാജിവച്ചു. അഡ്വ. കെ ശ്രീകാന്തിനെതിരേ മുമ്പ് പലതവണ കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ് ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ശ്രീകാന്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഫ് ളക്‌സ് ബോര്‍ഡിലെ ആരോപണം.
ശ്രീകാന്തിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ ഫ് ളക്‌സ് ബോര്‍ഡുകളില്‍ ചെരുപ്പുമാലയിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷമായത്. തിരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി കൂട്ടുകെട്ടുണ്ടായെന്നും ഇതിന് ജില്ലാ നേതൃത്വം പിന്തുണ നല്‍കിയെന്നും ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. അന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റായിരുന്ന കെ ശ്രീകാന്തും സുരേഷ് കുമാര്‍ ഷെട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും സിപിഎം ബന്ധത്തിന് കൂട്ടുനിന്നെന്നും മുമ്പ് തന്നെ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ പരസ്യപ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് ഈ പ്രതിഷേധം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ടുപൂട്ടുന്ന നിലയിലേക്ക് വരെ എത്തി. ആര്‍എസ്എസ് മുഖേന പലവട്ടം അനുരഞ്ജന ശ്രമത്തിന് ബിജെപി ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. കാസര്‍കോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാം തീര്‍ന്നെന്നും കെ സുരേന്ദ്രന്‍ പലവട്ടം കാസര്‍കോട്ടെത്തി പരസ്യമായി പ്രഖ്യാപിച്ചിട്ടും ഒന്നും തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതിഷേധം.