സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കാംപില്‍ ഭക്ഷ്യവിഷബാധ; 46 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Update: 2024-12-31 14:53 GMT

കാസര്‍കോട്: സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കാംപില്‍ ഭക്ഷ്യവിഷബാധ. കാസര്‍കോട് ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കാംപില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ. 46 വിദ്യാര്‍ഥികളെ ഇതുവരെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മറ്റ് കുട്ടികള്‍ക്കു ദേഹാസ്വസ്ഥ്യം ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നുദിവസമായി നടന്ന കാംപിലേക്ക് പുറത്തുനിന്നുള്ള ഹോട്ടലില്‍ നിന്നാണ് ഭക്ഷണമെത്തിച്ചതെന്ന് പറയുന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 238 കുട്ടികളാണ് 27, 28, 29, തീയതികളില്‍ നടന്ന കാംപില്‍ പങ്കെടുത്തത്. മൂന്ന് ദിവസവും ഭക്ഷണമെത്തിച്ച ഹോട്ടല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൂട്ടിച്ചു. 28ന് ചപ്പാത്തിയും ബാജി കറിയും ചിക്കന്‍ കറിയും 29 നു രാവിലെ ഇടിയപ്പവും ഗ്രീന്‍പീസും ആണ് ഭക്ഷണമായി നല്‍കിയത്.

Similar News