മദ്യം ഏഴുതരം കാന്‍സറിന് കാരണമാവുന്നു;മദ്യക്കുപ്പികളിലും കാന്‍സര്‍ മുന്നറിയിപ്പ് വേണമെന്ന് യുഎസ് സര്‍ജന്‍ ജനറല്‍
വാഷിങ്ടണ്‍: മദ്യക്കുപ്പികളിലും കാന്‍സര്‍ മുന്നറിയിപ്പ് വേണമെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി. യുഎസ് പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്ന സര്‍ജന്‍ ജനറലാണ് യുഎസിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന നയങ്ങള്‍ രൂപീകരിക്കുക. മദ്യ ഉപയോഗം ഏറ്റവും ചുരുങ്ങിയത് ഏഴു തരം കാന്‍സറുകള്‍ക്ക് കാരണമാവുമെന്നാണ് വിവേക് മൂര്‍ത്തി പറയുന്നത്. സ്തനം, കുടല്‍, ലിവര്‍ തുടങ്ങിയ അവയവങ്ങളിലാണ് കാന്‍സര്‍ വരുക. യുഎസിലെ ജനങ്ങള്‍ക്ക് ഇതിനെ കുറിച്ച് വേണ്ട അവബോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
പുകയില ഉപയോഗം, അമിതശരീരഭാരം എന്നിവക്ക് പിന്നാലെ മദ്യവും കാന്‍സറിന് കാരണമാവുന്നതായി വിദഗ്ദ സമിതി റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഏതുതരം മദ്യമായാലും കാന്‍സറുണ്ടാക്കും. യുഎസ് സര്‍ജന്‍ ജനറലിന്റെ ശുപാര്‍ശ സെനറ്റ് അംഗീകരിക്കുകയാണെങ്കില്‍ യുഎസിലെ മദ്യ നയത്തില്‍ വലിയ മാറ്റമുണ്ടാവും.
ജനുവരി 20ന് അധികാരത്തില്‍ നിന്ന് ഇറങ്ങാനിരിക്കുന്ന ജോ ബൈഡന്‍ പുതിയ മദ്യനയത്തില്‍ ഒപ്പിടുമോയെന്ന കാര്യം സംശയമാണ്. എന്നാല്‍, ഡോണള്‍ഡ് ട്രംപ് ഒപ്പിടാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ട്രംപിന്റെ സഹോദരന്‍ അമിത മദ്യപാനം മൂലമാണ് മരിച്ചിട്ടുള്ളത്. ട്രംപിന്റെ സഹോദരനായ ഫ്രെഡറിക് ക്രിസ്റ്റ് ട്രംപ് അമിതമദ്യപാനം മൂലം 1981ലാണ് മരിച്ചത്. വിമാനപൈലറ്റായി തിളങ്ങിയിരുന്ന കാലത്താണ് ഇയാള്‍ മദ്യത്തിന് അടിമയായത്. ആ സംഭവത്തിന് ശേഷം ഡോണള്‍ഡ് ട്രംപ് മദ്യപാനം ഉപേക്ഷിച്ചു. കൂടാതെ മദ്യത്തിനെതിരേ കാംപയിനും നടത്തി.
യുഎസ് ആരോഗ്യസെക്രട്ടറിയായി ട്രംപ് നാമനിര്‍ദേശം ചെയ്തിട്ടുള്ള റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ ആദ്യകാലത്ത് ഹെറോയിന്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ഡീഅഡിക്ഷന്‍ സെന്ററില്‍ പോയാണ് ലഹരി വസ്തുക്കളുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയത്. ഇയാളും ഇപ്പോള്‍ മദ്യത്തിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്.