'' രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ പാടില്ല''- പുതിയ ബില്ലിന്റെ കരട് പുറത്ത്
ന്യൂഡല്‍ഹി: രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കാന്‍ അനുമതി നല്‍കരുതെന്ന് കരട് ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ല്. സോഷ്യല്‍ മീഡിയ കമ്പനികള്‍ കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ സമ്മതം വാങ്ങണമെന്നതാണ് കരട് ബില്ലിലെ പ്രധാനവ്യവസ്ഥ. സമ്മതം ഉറപ്പുവരുത്താന്‍ വേണ്ട സംവിധാനങ്ങള്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ ഒരുക്കുകയും വേണം. ഫെബ്രുവരി 18ന് ശേഷം ഈ കരട് രേഖയില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപോര്‍ട്ട്. ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേര്‍ക്കലുകളുണ്ടാകുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സോഷ്യല്‍ മീഡിയ കമ്പനികള്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ നശിപ്പിക്കാന്‍ ഉപയോക്താവിന് അവകാശമുണ്ടായിരിക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇത് ലംഘിക്കപ്പെടുകയാണെങ്കില്‍ സോഷ്യല്‍ മീഡിയക്കമ്പനികള്‍ രണ്ടരക്കോടി രൂപ വരെ പിഴ നല്‍കേണ്ടി വരും.