ശബ്ദം ദിലീപിന്റേത് തന്നെ; ഫോറൻസിക് പരിശോധനാ ഫലം വിചാരണ കോടതിയില്‍
ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം നടന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖ ദിലീപിന്റേത് തന്നെയെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. പരിശോധന ഫലം ക്രൈംബ്രാഞ്ച് വിചാരണ കോടതിക്ക് കൈമാറി. ഇതോടെ ദിലീപ് കൂടുതൽ കുരുക്കിലേക്ക് പോകുമെന്ന് ഉറപ്പായി.
ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം നടന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ആറ് ശബ്ദരേഖകളാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നത്. ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ദിലീപിന്റെ വാദം
നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചത്. ഇതിന് തെളിവായി ചില ശബ്ദരേഖകളും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ഈ ശബ്ദരേഖ പുറത്തുവന്ന പശ്ചാത്തലത്തിൽ മറ്റൊരു ഗൂഡാലോചന കേസും ദിലീപിനെതിരേ ചുമത്തിയിരുന്നു.
ഈ കേസില്‍ ശിക്ഷ താന്‍ അനുഭവിക്കേണ്ടതല്ലെന്നും മറ്റൊരു സ്ത്രീ അനുഭവിക്കേണ്ടതാണിതെല്ലാമെന്നും അവരെ രക്ഷിക്കാന്‍ ശ്രമിച്ചാണ് താന്‍ കുടുങ്ങിയതെന്നും ദിലീപ് പറയുന്ന ഓഡിയോയും ബാലചന്ദ്രകുമാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയും സഹോദരി ഭര്‍ത്താവ് സൂരജിന്റേയും സംഭാഷണങ്ങളും ഇതിലുണ്ടായിരുന്നു. എല്ലാവരുടെയും ശബ്ദങ്ങൾ ഫോറൻസിക് പരിശോധനയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.