മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍; ഇഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍
ആഭ്യന്തര മന്ത്രിയായിരിക്കെ പോലിസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ്മുഖിനെതിരെയുള്ള തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂറില്‍ കൂടുതല്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിനെ അറസ്റ്റ് െേചയ്തത്. പലതവണ ഇഡി നോട്ടിസ് അയച്ചിരുന്നെങ്കിലും അനില്‍ ദേശ്മുഖ് ഹാജരായിരുന്നില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളി.ഇതോടെയാണ് അറസ്റ്റ്. അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യുന്ന സമയത്തും അനില്‍ ദേശമുഖ് സഹകരിക്കുന്നില്ലെന്നാണ് വിവരം. ആഭ്യന്തര മന്ത്രിയായിരിക്കെ പോലിസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ്മുഖിനെതിരെയുള്ള തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
ബാറുടമകളില്‍ നിന്ന് വാങ്ങിയ നാല് കോടി ഷെല്‍ കമ്പനികളിലൂടെ അനില്‍ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിനുള്ള തെളിവുകള്‍ പുറത്ത് വന്നിരുന്നത്. ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട് 50 കോടിയോളം രൂപയുടെ ഇടപാടുകളില്‍ ദുരൂഹതയുമുണ്ടായിരുന്നു. പോലിസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും നൂറ് കോടി രൂപ പിരിക്കാന്‍ അനില്‍ ദേശ്മുഖ് ശ്രമിച്ചെന്ന മുന്‍ ബോംബെ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങിന്റെ വെളിപ്പെടുത്തലോടെയാണ് അനില്‍ ദേശ്മുഖ് വിവാദത്തിലായത്.
മഹാരാഷ്ട്ര രാഷ്ട്രീയം ഇതോടെ കലങ്ങിമറിയുകയും ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരംബീര്‍ സിങ് നല്‍കി ഹര്‍ജിയില്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ അനില്‍ ദേശ്മുഖ് രാജി വയ്ക്കുകയായിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവാണ് അനില്‍ ദേശ്മുഖ്. ഇഡിയെ ഉപയോഗിച്ച് അനഭിമതരെ ഒതുക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായ നടപടിയാണ് കള്ളപ്പണ കേസ് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.