യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചു; യുപി മുന്‍ ഗവര്‍ണര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി സര്‍ക്കാരിനെയും 'പിശാചും രക്തം കുടിക്കുന്ന രാക്ഷസന്‍മാരു'മായി താരതമ്യം ചെയ്‌തെന്ന് ആകാശ് സക്‌സേന പരാതിയില്‍ പറയുന്നു.
ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ മുന്‍ യുപി ഗവര്‍ണര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരേയാണ് യുപി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. രാംപൂര്‍ ജില്ലയിലെ സിവില്‍ ലൈന്‍സ് പോലിസ് സ്‌റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകന്‍ ആകാശ് സക്‌സേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖുറേഷിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അസം ഖാന്റെ ഭാര്യയും രാംപൂര്‍ എംഎല്‍എ തന്‍സിം ഫാത്തിമയെ കാണാന്‍ അസം ഖാന്റെ വസതിയില്‍ പോയ ഖുറേഷി അവിടെ വച്ചാണ് യോഗി ആദിത്യനാഥിനെയും യുപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി സര്‍ക്കാരിനെയും 'പിശാചും രക്തം കുടിക്കുന്ന രാക്ഷസന്‍മാരു'മായി താരതമ്യം ചെയ്‌തെന്ന് ആകാശ് സക്‌സേന പരാതിയില്‍ പറയുന്നു.
ഇത്തരമൊരു പരാമര്‍ശം രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനും വര്‍ഗീയ കലാപത്തിലേക്ക് നയിക്കപ്പെടുമെന്നും ആകാശ് പരാതിയില്‍ പരാമര്‍ശിച്ചു. മുന്‍ ഗവര്‍ണര്‍ക്കെതിരെ 124 എ (രാജ്യദ്രോഹം), 153 എ (മതം, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 153 ബി (ദേശീയ താല്‍പര്യത്തിനെതിരേ മുന്‍വിധിയോടെയുള്ള അനുമാനങ്ങള്‍), 505 (1) (ബി) (പൊതുജനങ്ങള്‍ക്കിടയില്‍ ഭയവും പരിഭ്രാന്തിയുമുണ്ടാക്കാനുള്ള ഉദ്ദേശം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.