ഉദ്യോഗ രംഗത്തെ മുന്നാക്ക സംവരണം: ഇടതു സര്‍ക്കാര്‍ സവര്‍ണാധിപത്യത്തിന് വഴിയൊരുക്കുന്നു- പോപുലര്‍ ഫ്രണ്ട്
ഇടതു സര്‍ക്കാര്‍ പിന്നാക്ക ജനവിഭാഗങ്ങളോട് സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട്: സര്‍ക്കാര്‍ നിയമനങ്ങളില്‍ പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ശക്തമായി പ്രതിഷേധിച്ചു. ഇടതു സര്‍ക്കാര്‍ പിന്നാക്ക ജനവിഭാഗങ്ങളോട് സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മുന്നാക്ക സംവരണത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണവിദ്യാഭ്യാസ രംഗങ്ങളില്‍ സവര്‍ണാധിപത്യത്തിന് കൂടുതല്‍ അവസരമൊരുക്കുകയാണ്. പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതിക്കെതിരായ ഹരജിയില്‍ സുപ്രിംകോടതി അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ധൃതിപിടിച്ച് മുന്നാക്ക സംവരണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലൂടെ സവര്‍ണ, വലതു പക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പിന്നാക്ക ജനവിഭാഗങ്ങള്‍ ചരിത്രപരമായ സമര പോരാട്ടങ്ങളിലൂടെ മറികടക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ അസമത്വത്തിലേക്കുള്ള തിരിച്ചു പോക്കിനാണ് സാമ്പത്തിക സംവരണം വഴിയൊരുക്കുക.
ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണമെന്നാണ് സര്‍ക്കാര്‍ തീരുമാനത്തെ മുഖ്യമന്ത്രി തന്നെ വിശേഷിപ്പിക്കുന്നത്.
അതിലൂടെ അനര്‍ഹര്‍ക്കാണ് ആനുകൂല്യം വച്ചു നീട്ടുന്നുതെന്ന് വ്യക്തമായിരിക്കുയാണ്. സംവരണ വ്യവസ്ഥ നിലവിലുണ്ടായിട്ടും പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഉദ്യോഗ, വിദ്യാഭ്യാസ രംഗങ്ങളില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഉദ്യോഗ രംഗത്തെ സവര്‍ണ ലോബി കാലങ്ങളായി നടത്തിയ സംവരണ അട്ടിമറിയും പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടായ നിയമന നഷ്ടവും കണക്കുകള്‍ സഹിതം പുറത്തുവന്നിട്ടും മാറിമാറി വന്ന സര്‍ക്കാരുകള്‍ അത് പരിഹരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടില്ല. ഇടതുവലതു മുന്നണികളുടെ തുടര്‍ച്ചയായ പിന്നാക്ക വഞ്ചനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിണറായി സര്‍ക്കാര്‍ അമിത താല്‍പ്പര്യത്തോടെ ഇപ്പോള്‍ നടപ്പാക്കൊണ്ടിരിക്കുന്ന സവര്‍ണ സംവരണം.
ഇത് കടുത്ത നീതി നിഷേധവും പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കൈകടത്തലുമാണ്. സവര്‍ണ താല്‍പ്പര്യം സംരക്ഷിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങളെ ജനാധിപത്യപരവും നിയമപരവുമായ മാര്‍ഗങ്ങളിലുടെ ശക്തമായി പ്രതിരോധിക്കുമെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.