റഫയില്‍ വനിതാ സൈനികയടക്കം നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്
ഗസ: റഫയില്‍ തങ്ങളുടെ നാല് അധിനിവേശ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യത്തിന്റെ സ്ഥിരീകരണം. തെക്കന്‍ ഗസയിലെ റഫയില്‍ ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പോയ വനിത സൈനിക അടക്കം നാലുപേര്‍ കൊല്ലപ്പെട്ടതായാണ് സൈന്യം അറിയിച്ചത്. മരിച്ചവരുടെ ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്. ഗിവാറ്റി ബ്രിഗേഡിന്റെ ഷേക്ക്ദ് ബറ്റാലിയനിലെ ഡെപ്യൂട്ടി കമ്പനി കമാന്‍ഡര്‍ ഡാനിയല്‍ മിമോണ്‍ ടോഫ്, സ്റ്റാഫ് സാര്‍ജന്റ് പാരാമെഡിക്കല്‍ അഗം നയിം, സ്റ്റാഫ് സാര്‍ജന്റ് അമിത് ബക്രി, ഡോട്ടന്‍ ഷിമോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഗസയില്‍ കൊല്ലപ്പെടുന്ന ആദ്യ വനിതാ സൈനികനാണ് നയിം. ഗിവാറ്റി ബ്രിഗേഡിന്റെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന് ഇന്നലെ റഫയില്‍ വെടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു.
സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥനടക്കം മൂന്ന് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. മറ്റുരണ്ടുപേര്‍ക്ക് സാരമായ പരിക്കും ഉള്ളതായി ഐ.ഡി.എഫ് അറിയിച്ചു. ഇതോടെ ഗസയില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 348 ആയെന്നാണ് ഇസ്രായേല്‍ പറയുന്നത്.
മേയ് ആറിനാണ് ഇസ്രായേല്‍ സൈന്യം റഫ ആക്രമണം ആരംഭിച്ചത്. നാല് മാസത്തിലേറെയായി ഇവിടെ നടക്കുന്ന ക്രൂരമായ വ്യോമ, കര ആക്രമണത്തില്‍ നഗരത്തിന്റെ ഭൂരിഭാഗവും തകര്‍ത്ത് നിലംപരിശാക്കിയിരിക്കുകയാണ്. ഇവിടെ അഭയം പ്രാപിച്ചിരുന്ന 10 ലക്ഷത്തിലേറെ ഫലസ്തീനികളെ ആട്ടിയോടിച്ചാണ് കൂട്ടക്കൊലകള്‍ അരങ്ങേറിയത്.