നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ്
2018 ലാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമം(പോക്‌സോ) ഭേദഗതി ചെയ്തത്
കാസര്‍കോട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി മരണം വരെ തടവുശിക്ഷ വിധിച്ചു. ശങ്കരംപാടി സ്വദേശി വിഎസ് രവീന്ദ്രനെ കാസര്‍കോട് ജില്ലാ കോടതിയാണ് ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്. 2018 ഒക്ടോബര്‍ ഒമ്പതിനാണു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവാണ് പോലിസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ അതിനു മുമ്പ് രണ്ട് തവണകൂടി പ്രതി കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഒരുമാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കാസര്‍കോഡ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി(ഒന്ന്) കേസില്‍ വിധി പുറപ്പെടുവിച്ചത്. 25,000 രൂപ പിഴയടയ്ക്കാനും പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും വിധിച്ചു.
2018 ലാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമം(പോക്‌സോ) ഭേദഗതി ചെയ്തത്. ഇതു പ്രകാരം 12 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ജീവപര്യന്തം തടവ് ഉള്‍പ്പെടെയുള്ള കനത്ത ശിക്ഷ ലഭിക്കാം.