പാരിസിലെ ആയുധ പ്രദര്‍ശന വ്യാപാര മേളയില്‍ ഇസ്രായേലിനു വിലക്ക്

ഐക്യരാഷ്ട്രസഭ ഇസ്രായേലിനെ സൃഷ്ടിച്ച കാര്യം മറക്കരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ്

Update: 2024-10-17 13:23 GMT

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ നവംബറില്‍ നടക്കുന്ന ആയുധ പ്രദര്‍ശന മേളയായ യൂറോ നേവല്‍ വാര്‍ഫെയര്‍ ട്രേഡ് ഷോയില്‍ ഇസ്രായേലിനു പ്രദര്‍ശന വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമീപകാലത്തായി മൂര്‍ച്ഛിച്ചു വരുന്ന അസ്വാരസ്യങ്ങള്‍ക്കിടെയാണ് ഫ്രാന്‍സിന്റെ തീരുമാനം. നവംബര്‍ നാലു മുതല്‍ ഏഴുവരെയാണ് മേള. ഇസ്രായേലിനു മേളയില്‍ പങ്കെടുക്കാമെങ്കിലും ആയുധ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ്.

ഗസയിലും ലെബനാനിലും ഇസ്രായേല്‍ യുദ്ധം തുടരുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിനും ഇസ്രായേലിനുമിടയില്‍ അടുത്ത കാലത്തായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേലിന് ആയുധസഹായം നല്‍കരുതെന്ന് ഒക്ടോബര്‍ അഞ്ചിന്് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഫ്രാന്‍സ് ഇനി മുതല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ലെബനാന്‍ വിഷയത്തില്‍ ഒക്ടോബര്‍ 24ന് പാരിസില്‍ ഒരു സമ്മേളനം നടത്തുമെന്ന് ഒക്ടോബര്‍ 9 ന് ഫ്രാന്‍സ് പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ ദക്ഷിണാഫ്രിക്ക, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്. ഈ നീക്കങ്ങളെയെല്ലാം നീരസത്തോടെയും അമര്‍ഷത്തോടെയുമാണ് തെല്‍ അവീവ് കാണുന്നത്. ലെബനാനില്‍ ഏകപക്ഷീയമായ ഒരു വെടിനിര്‍ത്തല്‍ തള്ളിക്കളയുന്നുവെന്ന് നെതന്യാഹു മാക്രോണിനോട് ഫോണില്‍ അറിയിക്കുകയും ചെയ്തു. ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ സുരക്ഷാ സാഹചര്യങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നും ലെബനാന്‍ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചു വരില്ലെന്നുമാണ് ഇസ്രായേലിന്റെ വാദം.

ലെബനാനിലെ യു എന്‍ സമാധാന സേനയായ യൂനിഫില്‍ അവിടെ നിന്ന് പിന്മാറണമെന്ന ഇസ്രായേലിന്റെ ആവശ്യത്തോടും ഫ്രാന്‍സ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെല്ലാം പുറമെ ഫ്രഞ്ച് കാബിനറ്റ് യോഗത്തില്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശവും ഇസ്രായേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയാണ് ഇസ്രായേലിനെ സൃഷ്ടിച്ചതെന്ന വസ്തുത നെതന്യാഹു മറന്നുപോകരുതെന്നും യു എന്‍ പ്രമേയങ്ങള്‍ അവഗണിക്കാന്‍ ഇസ്രായേലിനു സാധ്യമല്ലെന്നുമാണ് മാക്രോണ്‍ പറഞ്ഞത്. ലെബനാനിനെ മറ്റൊരു ഗസയാക്കി മാറ്റരുതെന്നും രാഷ്ട്രീയ പരിഹാരമാണു വേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വാക്‌പോരുകളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായത്.

ഇസ്രായേലിലെ വന്‍കിട കമ്പനികളായ റാഫേല്‍, എല്‍ബിറ്റ് സിസ്റ്റംസ്, ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ യൂറോനേവല്‍ ഷോയില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്തിരുന്നതാണ്.

ഫ്രാന്‍സിന്റെ തീരുമാനത്തോട്‌ 'അപമാനകരം' എന്നാണ് ഇസ്രായേല്‍ യുദ്ധമന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചത്. ജൂതജനതയോട് ശത്രുതാപരമായ നയമാണ് ഫ്രാന്‍സിന്റേതെന്നും ഗാലന്റ് കുറ്റപ്പെടുത്തി.ശത്രുക്കളുമായി ഏഴു വ്യത്യസ്ത മുന്നണികളില്‍ ഞങ്ങള്‍ യുദ്ധം ചെയ്യും. ഫ്രാന്‍സിനോടൊപ്പമോ ഫ്രാന്‍സ് ഇല്ലാതെയോ ഞങ്ങളുടെ ഭാവിക്കുവേണ്ടി ഞങ്ങള്‍ യുദ്ധം ചെയ്യും. മേഖലയിലെ യുദ്ധം ഇസ്രായേലിന്റെ സൈനിക മികവിനെ ബാധിക്കുന്ന പ്രശ്‌നമേ ഇല്ലെന്നും ഗാലന്റ് ആവര്‍ത്തിച്ചു.

ഇത്തരം പരാമര്‍ശങ്ങള്‍ നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങളെ വഷളാക്കുക മാത്രമല്ല, അവയ്ക്കിടയില്‍ കെട്ടിപ്പടുത്ത വിശ്വാസത്തെയും ബാധിക്കും. മധ്യപൂര്‍വദേശത്ത് സ്ഥിരതയും സമാധാനവും നിലനിര്‍ത്തുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കാനുള്ള ഫ്രാന്‍സിന്റെ കഴിവില്‍ ഇത് സംശയനിഴല്‍ വീഴ്ത്തുകയും ചെയ്യുമെന്ന് പാരിസിലെ ഇസ്രായേല്‍ എംബസി പുറപ്പെടുവിച്ച പ്രസ്താവന ഉദ്ധരിച്ച് റോയിട്ടര്‍ റിപോര്‍ട്ട് ചെയ്തു.

യൂറോനേവല്‍ ഷോയില്‍ വിലക്കേര്‍പ്പെടുത്തിയതോടെ ഇമ്മാനുവല്‍ മാക്രോണിനും ബെഞ്ചമിന്‍ നെതന്യാഹുവിനും ഇടയിലുണ്ടായ സംഘര്‍ഷം മൂര്‍ധന്യത്തിലേക്ക് കടക്കുകയാണ്.

Tags:    

Similar News