ഇന്ധന വില വീണ്ടും കൂട്ടി; ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയും വര്‍ധിപ്പിച്ചു

പെട്രോളിനും ഡീസലിനും അയല്‍രാജ്യങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇന്ത്യയില്‍ ഈടാക്കുന്നത്

Update: 2020-06-23 02:11 GMT

കൊച്ചി: തുടര്‍ച്ചയായ 18ാം ദിവസവും ഇന്ധന വില കൂട്ടി. ഇന്ന് ഡീസല്‍ ലിറ്ററിനു 52 പൈസയും പെട്രോളിനു 19 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കഴിഞ്ഞ 19 ദിവസത്തിനിടെ പെട്രോളിന് 8.70 രൂപയും ഡീസലിന് 9.99 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിയുമ്പോള്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിക്കുകയാണ്. ഇതിനെതിരേ രാജ്യവ്യാപകമായി കൊവിഡ് കാലത്തും പ്രതിഷേധങ്ങളുയരുന്നുണ്ടെങ്കിലും അധികൃതര്‍ക്കു മിണ്ടാട്ടമില്ല.

    പെട്രോളിനും ഡീസലിനും അയല്‍രാജ്യങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇന്ത്യയില്‍ ഈടാക്കുന്നത്. വികസിത-സമ്പന്ന രാജ്യങ്ങളിലെ നിലവാരത്തിലാണ് ഇന്ത്യയിലെ വിലയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണത്തിനുള്ള അധികാരം കമ്പനികള്‍ക്കു കൈമാറിയതാണ് ആഗോളതലത്തിലെ എണ്ണവില കുറഞ്ഞതിന്റെ ആനുകൂല്യം ലഭ്യമാവാതിരിക്കാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്. രാജ്യാന്തര എണ്ണവില ഏറ്റവും താഴ്ന്ന ലോക്ക്ഡൗണ്‍ കാലത്ത് പോലും കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ(എക്‌സൈസ് ഡ്യൂട്ടി) വന്‍തോതില്‍ വര്‍ധിപ്പിക്കുകയായിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വര്‍ധനവാണ് ഉണ്ടായത്. പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസല്‍ ലീറ്ററിന് 10 രൂപയുമാണ് വര്‍ധിപ്പിച്ചത്.


Tags:    

Similar News