പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി; മൂന്നുദിവസംകൊണ്ട് വര്‍ധിച്ചത് ലിറ്ററിന് 1.70 രൂപ
ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. നേരത്തെ ഇത് യഥാക്രമം പെട്രോള്‍ ലിറ്ററിന് 72.46 രൂപയും ഡീസലിന് 70.59 രൂപയുമായിരുന്നു.
മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് വിലയില്‍ ലിറ്ററിന് 1.70 രൂപയോളം വര്‍ധനവുണ്ടായി. ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. നേരത്തെ ഇത് യഥാക്രമം പെട്രോള്‍ ലിറ്ററിന് 72.46 രൂപയും ഡീസലിന് 70.59 രൂപയുമായിരുന്നു.
പൊതുമേഖലാ എണ്ണക്കമ്പികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ പ്രതിദിന വിലപരിഷ്‌കരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ച മുതലാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള ഇന്ധന വിലനിര്‍ണയം വീണ്ടും ആരംഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക് ഡൗണ്‍ കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുതവണയായി എക്സൈസ് തീരുവ 13 രൂപയിലേറെ വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്. വരുദിസവങ്ങളിലും വിലകൂടാനാണ് സാധ്യത. ലിറ്ററിന് ആറുരൂപവരെകൂടിയേക്കാമെന്നാണ് വിലിയിരുത്തല്‍.