സിപിഎമ്മിലെ ഫണ്ട് തിരിമറി: പയ്യന്നൂര്‍ എംഎല്‍എ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഷോകോസ് നോട്ടിസ്
അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാണ് നോട്ടിസിലുള്ളത്. വിവാദം ഒതുക്കിത്തീര്‍ക്കാന്‍ നേതൃത്വം ആദ്യം ശ്രമിച്ചെങ്കിലും പയ്യന്നൂരില്‍ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഭയന്നാണ് നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.
കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ ടി ഐ മധുസൂധനന്‍ എംഎല്‍എ ഉള്‍പ്പെടെ ആറു പേര്‍ക്ക് സിപിഎമ്മിന്റെ കാരണം കാണിക്കല്‍ നോട്ടിസ്.അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാണ് നോട്ടിസിലുള്ളത്. വിവാദം ഒതുക്കിത്തീര്‍ക്കാന്‍ നേതൃത്വം ആദ്യം ശ്രമിച്ചെങ്കിലും പയ്യന്നൂരില്‍ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി ഭയന്നാണ് നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ ചര്‍ച്ചയില്ലാതെ ഒതുക്കിവച്ച പയ്യന്നൂര്‍ ഫണ്ട് തിരിമറി ആരോപണത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സപിഎം നടപടിയിലേക്ക് കടക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തു. അച്ചടക്ക നടപടിയിലേക്ക് കടന്ന് പാര്‍ട്ടിയുടെ പ്രതിച്ഛായ കളയാതെ പ്രശ്‌നം ഒത്തുതീര്‍ക്കണമെന്ന നിര്‍ദ്ദേശം ഇ പി ജയരാജന്‍ മുന്നോട്ടുവച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടി വേണമെന്ന് പയ്യന്നൂരില്‍ നിന്നുള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാട് എടുത്തതോടെയാണ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. പയ്യന്നൂര്‍ എംഎല്‍എ, ടി ഐ മധുസൂധനന്‍, ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, കെ കെ ഗംഗാധരന്‍, ഓഫിസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, മുന്‍ ഏരിയ സെക്രട്ടറി കെ പി മധു തുടങ്ങിയവരാണ് വിശദീകരണം നല്‍കേണ്ടത്. നോട്ടീസ് കൈപ്പറ്റിയവരില്‍ നിന്നും മറുപടി വാങ്ങിയശേഷം 12ന് ചേരുന്ന ജില്ലാ കമ്മറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയര്‍ന്ന ആരോപണം. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയില്‍ ഏരിയാ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. തിരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം ടി വി രാജേഷ്, പി വി ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.