ഹിന്ദുമഹാസഭയുടെ ദുര്‍ഗാപൂജയ്ക്ക് ഗാന്ധിയുടെ ഛായയുള്ള മഹിഷാസുരന്റെ ശില്‍പം
കൊല്‍ക്കത്ത പോലിസിനെ ടാഗ് ചെയ്ത് മാധ്യമ പ്രവര്‍ത്തകരടക്കം ശില്‍പത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു.
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ പന്തലില്‍ മഹാത്മാ ഗാന്ധിയുടെ ഛായയുള്ള മഹിഷാസുരനെ വച്ചത് വിവാദമായി. സൗത്ത് വെസ്റ്റ് കൊല്‍ക്കത്തയിലെ റൂബി ക്രോസിങ്ങില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ തയ്യാറാക്കിയ പൂജാ പന്തലിലെ രൂപമാണ് വിവാദത്തിന് തിരികൊളുത്തിയതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പോലിസ് നിര്‍ദേശത്തെ തുടര്‍ന്ന് മഹാത്മജിയുടെ മുഖച്ഛായയുള്ള മഹിഷാസുരന്റെ രൂപത്തില്‍ സംഘാടകര്‍ മാറ്റംവരുത്തി.
രൂപസാദൃശ്യം യാദൃശ്ചികമായി വന്നതാണെന്നും ബോധപൂര്‍വം അല്ലെന്നുമാണ് സംഘാടകരുടെ വിശദീകരണം. ശില്‍പത്തിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പോലിസ് സംഘം ദുര്‍ഗാപൂജ പന്തല്‍ സന്ദര്‍ശിച്ചുവെന്നും ശില്‍പത്തില്‍ മാറ്റംവരുത്താന്‍ നിര്‍ദ്ദേശിച്ചുവെന്നും ഹിന്ദു മഹാസഭാ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ചന്ദ്രചൂര്‍ ഗോസ്വാമി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കൊല്‍ക്കത്ത പോലിസിനെ ടാഗ് ചെയ്ത് മാധ്യമ പ്രവര്‍ത്തകരടക്കം ശില്‍പത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പോലിസ് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പലരും ഫോട്ടോ നീക്കം ചെയ്തിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഫോട്ടോ നീക്കം ചെയ്യണമെന്ന് പോലിസ് നിര്‍ദ്ദേശിച്ചെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.