റാന്നിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; യുവാവിനെ കാര്‍ കയറ്റിക്കൊന്നു
ബീവേറേജസ് മദ്യവില്‍പ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടിയെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന
പത്തനംതിട്ട: റാന്നിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്നു. പത്തനംതിട്ട റാന്നി മന്ദമരുതിയില്‍ ഇന്നലെ രാത്രിയാണ് അരും കൊല നടന്നത്. ചെതോങ്കര സ്വദേശി അമ്പാടി(24)യാണ് മരിച്ചത്. ഇയാളുടെ ശരീരത്തില്‍ പ്രതികള്‍ കാര്‍ കയറ്റി ഇറക്കിയതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ മൂന്നു പ്രതികളുണ്ടെന്നും അവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലിസ് അറിയിച്ചു. അജോയ്, ശ്രീക്കുട്ടന്‍, അരവിന്ദ് എന്നിവരാണ് പ്രതികള്‍. അനന്ദുവിനെ കൊന്ന ശേഷം പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു.
ബീവേറേജസ് മദ്യവില്‍പ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടിയെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവം ഗ്യാങ് വാറാണെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ ബീവറേജ്‌സിന് മുന്നില്‍ സംഘര്‍ഷം നടക്കുമ്പോള്‍ അമ്പാടി ഉണ്ടായിരുന്നുമില്ല. അമ്പാടിയുടെ സുഹൃത്ത് മിഥുനും എതിര്‍ സംഘാംഗം അജോയും തമ്മിലാണ് വാക്കുതര്‍ക്കം ആദ്യം ഉണ്ടായത്. പിന്നീട് അടിപിടിയുണ്ടായി.തുടര്‍ന്ന് മിഥുന്റെ വീട്ടില്‍ അജോയ് അന്വേഷിച്ച് ചെന്നിരുന്നു. ധൈര്യമുണ്ടെങ്കില്‍ പുറത്ത് വരാന്‍ അജോയ് ഫോണില്‍ മിഥുനെ വെല്ലുവിളിച്ചു. എന്നാല്‍ മക്കപ്പുഴയിലേക്ക് വരാനായിരുന്നു മിഥുന്റെ മറുപടി. തുടര്‍ന്നാണ് മക്കപ്പുഴയില്‍ വെച്ച് ഇരു സംഘങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായതും അമ്പാടി കൊല്ലപ്പെട്ടതും. കാറില്‍ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോള്‍ മറ്റേ സംഘം കാറിടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്ത് വീണ ഇയാളുടെ ശരീരത്തിലൂടെ പിന്നെയും കാര്‍ കയറ്റി.റാന്നി ചേത്തയ്ക്കലില്‍ നിന്നും ഇടിച്ച കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.