'ഗോ ബാക് മോദി'; ഇന്ന് പഞ്ചാബിലെത്തുന്ന മോദിക്കെതിരേ പ്രതിഷേധവുമായി കര്‍ഷകര്‍
അമൃതസര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരമത്തിനായി ഇന്ന പഞ്ചാബിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാനുറച്ച് കര്‍ഷകര്‍. ഫിറോസ്പുരില്‍ നടക്കുന്ന പ്രചാരണ റാലിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. മോദിക്കെതിരെ പ്രതിഷേധിക്കാനാണ് ഒരു വിഭാഗം കര്‍ഷകരുടെ തീരുമാനം. പഞ്ചാബില്‍ നിന്ന് മോദി തിരിച്ചുപോകണമെന്ന് ആഹ്വാനം ചെയ്ത് 'ഗോ ബാക് മോദി' കാംപയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രാക്റ്റര്‍ എന്ന ഗ്രൂപ്പ് ഉയര്‍ത്തികൊണ്ടുവന്നിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച സൈബര്‍ ഗ്രൂപ്പാണിത്. ലഖീംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയില്‍ ആശിഷ് മിശ്രയ്ക്ക് പങ്കില്ലെന്നാണ് ആദ്യം പിതാവ് അജയ് മിശ്ര ചൂണ്ടിക്കാട്ടിയിരുന്നത്.എന്നാല്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന ആശിഷ് മിശ്രയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണം സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് . ഈ സാഹചര്യത്തില്‍ അജയ് മിശ്രയെ പുറത്താക്കാതെ പഞ്ചാബില്‍ വരേണ്ടെന്നാണ് മോദിയോട് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്.
അജയ് മിശ്രയെ സംരക്ഷിക്കുന്നത് മോദിയാണെന്നും ഇവര്‍ ആരോപിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായ 700 പേര്‍ക്ക് പാര്‍ലമെന്റില്‍ ആദരം അര്‍പ്പിക്കാത്തതിലും സംഘടനകള്‍ക്ക് രോഷമുണ്ട്. അനാവശ്യമായ പിടിവാശിമൂലമാണ് സമരം നീണ്ടുപോയതും ഇത്രയും പേര്‍ മരിക്കേണ്ടിവന്നതും. മോദിയെ സ്വീകരിക്കാന്‍ പഞ്ചാബില്‍ നടത്തുന്ന റാലികള്‍ തടയുമെന്നും സംഘടനകള്‍ അറിയിച്ചു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച ശേഷം ആദ്യമായിട്ടാണ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ മോദി പഞ്ചാബില്‍ എത്തുന്നത്. കടുത്ത സുരക്ഷാ മുന്‍ കരുതലുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും കര്‍ഷകരുടെപ്രതിഷേധം നേരിടേണ്ടിവരുമെന്നാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.