ഉള്ളി വിത്ത് കയറ്റുമതിക്കു കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി

Update: 2020-10-29 17:06 GMT

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ഉള്ളിവില കുതിക്കുന്നതിനിടെ ഉള്ളി വിത്ത് കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഉള്ളി വിത്ത് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതായും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്(ഡിജിഎഫ്ടി) വ്യക്തമാക്കി. നേരത്തേ, ഉള്ളി വിത്ത് കയറ്റുമതി നിയന്ത്രിത വിഭാഗത്തിലായിരുന്നു. അതായത് കയറ്റുമതിക്കാരനു കയറ്റുമതി ലൈസന്‍സോ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മതിയാവും. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ആഗസ്ത് മാസങ്ങളില്‍ ഉള്ളി വിത്ത് കയറ്റുമതി 0.57 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3.5 മില്യണ്‍ ഡോളറായി.

    ഉള്ളി വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഉള്ളി കയറ്റുമതി ചെയ്യുന്നത് ഡിജിഎഫ്ടി ഇതിനകം നിരോധിച്ചിട്ടുണ്ട്. ചരക്കുകളുടെ ആഭ്യന്തര ലഭ്യത മെച്ചപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാനുമായി ഡിസംബര്‍ 31 വരെ കേന്ദ്രം മൊത്ത-ചില്ലറ വ്യാപാരികള്‍ക്ക് സ്റ്റോക്ക് ഹോള്‍ഡിങ് പരിധി ഏര്‍പ്പെടുത്തി. ചില്ലറ വ്യാപാരികള്‍ക്ക് സവാള 2 ടണ്‍ വരെ മാത്രമേ സംഭരിക്കാനാവൂ. അതേസമയം മൊത്തക്കച്ചവടക്കാര്‍ക്ക് 25 ടണ്‍ വരെ സൂക്ഷിക്കാന്‍ അനുവാദമുണ്ടെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി ലീന നന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് ഉല്‍പാദന പ്രദേശങ്ങളില്‍ വിളയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉള്ളി വില കിലോയ്ക്ക് 70 രൂപയ്ക്കു മുകളിലായി കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

Government Bans Export Of Onion Seeds




Tags:    

Similar News