വഡോദരയില്‍ മുസ്‌ലിം വംശീയാതിക്രമത്തിന് ഹിന്ദുത്വര്‍ കണ്ടെത്തിയ കാരണം ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം
റോഡരികിലെ ആരാധനാലയവും രണ്ട് ഓട്ടോകളും നിരവധി ഇരുചക്ര വാഹനങ്ങളും ജനക്കൂട്ടം നശിപ്പിച്ചതായി പോലിസ് പറഞ്ഞു.
വഡോദര: ഗുജറാത്തിലെ വഡോദരയിലുണ്ടായ മുസ്‌ലിം വംശീയാതിക്രമത്തിന് ഹിന്ദുത്വര്‍ കണ്ടെത്തിയ കാരണം ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം. അക്രമത്തില്‍ ആരാധനാലയം തകര്‍ത്തിരുന്നു. വാഹനങ്ങള്‍ക്ക് കേടുപാടു പറ്റി. അക്രമത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റതായി പോലിസ് അറിയിച്ചു. ഞായറാഴ്ച രാത്രി നടന്ന സംഭവത്തെ തുടര്‍ന്ന് കലാപമുണ്ടാക്കിയതിന് 19 പേര്‍ അറസ്റ്റിലായി. റോഡപകടവുമായി ബന്ധപ്പെട്ട് മറ്റു മൂന്നു പേര്‍കൂടി അറസ്റ്റിലായി.
റാവുപുര പ്രദേശത്തെ രണ്ട് സമുദായങ്ങളില്‍ നിന്നുള്ളവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങള്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് നടന്ന വാക്കേറ്റമാണ് ഹിന്ദുത്വര്‍ കലാപത്തിന് കാരണമാക്കിയത്. രംഗം വഷളായതോടെ കരേലിബാഗില്‍ വ്യാപക കല്ലേറ് നടന്നു.
റോഡരികിലെ ആരാധനാലയവും രണ്ട് ഓട്ടോകളും നിരവധി ഇരുചക്ര വാഹനങ്ങളും ജനക്കൂട്ടം നശിപ്പിച്ചതായി പോലിസ് പറഞ്ഞു. അപകടത്തിനും കലാപത്തിനും റാവുപുര, കരേലിബാഗ് പോലിസ് സ്‌റ്റേഷനുകളില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, മാരകായുധങ്ങള്‍ കൈവശംവെക്കല്‍, ആരാധനാലയം മലിനമാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് തിരിച്ചറിഞ്ഞവരും അജ്ഞാതരുമായ ഒരു കൂട്ടം പ്രതികള്‍ക്കെതിരെയാണ് കേസെടുത്തത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന് പിന്നാലെ പോലിസ് പ്രദേശത്ത് രാത്രി പട്രോളിങ് നടത്തി. ആക്രമണവുമായി ബന്ധപ്പെട്ട് റാവുപുര, കരേലിബാഗ് പ്രദേശത്തും ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് തര്‍ക്കങ്ങള്‍ നടന്നതായി പോലിസ് പറഞ്ഞു. ആക്രമണം ആസൂത്രിതമാണോയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പോലിസ് അറിയിച്ചു.