ഗുജറാത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട; 1,439 കോടി വിലവരുന്ന ഹെറോയിന്‍ പിടികൂടി

Update: 2022-04-25 08:16 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ കണ്ഡ്‌ലാ തുറമുഖത്ത് വന്‍ ലഹരി മരുന്ന് വേട്ട. ഇറാനില്‍ നിന്നുമെത്തിയ 17 കണ്ടെയ്‌നറിലായിരുന്നു ഹെറോയിനുണ്ടായിരുന്നത്. 1439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോ ഹെറോയിനാണ് പിടികൂടിയത്. കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്ത കമ്പനിയുടെ ഉടമയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ജിപ്‌സം പൗഡറെന്ന വ്യാജേനയാണ് കണ്ടെയ്‌നര്‍ എത്തിയത്. ചരക്കുകളുടെ വിശദമായ പരിശോധന ഇപ്പോഴും തുറമുഖത്ത് തുടരുകയാണ്. 17 കണ്ടെയ്‌നറുകളിലായി (10,318 ബാഗുകള്‍) ഇറക്കുമതി ചെയ്ത 394 മെട്രിക് ടണ്‍ ഭാരമുള്ള ചരക്ക് 'ജിപ്‌സം പൗഡര്‍' എന്നാണ് തെറ്റിദ്ധരിപ്പിച്ചത്. അന്വേഷണത്തില്‍ ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഇറക്കുമതിക്കാരന്‍ ഉണ്ടായിരുന്നില്ല.

അതിനാല്‍, ഇയാളെ പിടികൂടാന്‍ രാജ്യത്തുടനീളം തിരച്ചില്‍ ആരംഭിച്ചു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ സ്ഥലത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. ഒടുവില്‍ പഞ്ചാബിലെ ചെറിയ ഗ്രാമത്തില്‍ നിന്ന് ഡിആര്‍ഐ ഇയാളെ പിടികൂടി. ഏപ്രില്‍ 24ന് അമൃത്‌സറിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി. അല്‍ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്‍മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Tags:    

Similar News