ഗർബ തടസപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്തിൽ മുസ്‍ലിം യുവാക്കളെ കെട്ടിയിട്ട് മർദിച്ച് പോലിസ്
ഖേദ ജില്ലയിൽ അന്ധേല ഗ്രാമത്തിലെ പുരുഷന്മാരെ തൂണുകളിൽ കെട്ടിയിട്ട് വടികൊണ്ട് അടിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു.
അഹമ്മദാബാദ്: ഗുജറാത്തിലെ ഖേദയിൽ ദുർഗാപൂജയോടനുബന്ധിച്ച് നടത്തുന്ന ഗർബ നൃത്തപരിപാടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് മുസ്‍ലിം യുവാക്കളെ ചാട്ടക്കടിച്ചത് പ്രാദേശിക പോലിസുകാരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ.
ഖേദ ജില്ലയിൽ അന്ധേല ഗ്രാമത്തിലെ പുരുഷന്മാരെ തൂണുകളിൽ കെട്ടിയിട്ട് വടികൊണ്ട് അടിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ചുറ്റും കൂടിയിരുന്ന ജനക്കൂട്ടം കൈയടിച്ച് ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവത്തിൽ വൻ പ്രതിഷേധമുയർന്നതോടെ, അതെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പോലിസ് മേധാവി ആശിഷ് ഭാട്ടിയ ഉത്തരവിട്ടു.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷിച്ച് പോലിസുകാർക്കെതിരെ വേണ്ട അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ആശിഷ് ഭാട്ടിയ എൻഡിടിവിയോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പോലിസിന് റിപോർട്ട് സമർപ്പിക്കുമെന്നും വീഡിയോകളുടെ സത്യാവസ്ഥ സ്ഥിരീകരിച്ച ശേഷം കുറ്റാരോപിതരായ പോലിസുകാർക്കെതിരെ നടപടിയെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. നേരത്തേ രാംനവമി ആഘോഷ സമയത്തും മുസ്‍ലിംകൾക്കെതിരേ വ്യാപക അക്രമം നടന്ന മേഖലയാണിത്.