ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നിരോധിച്ച നോട്ടുകള്‍ വീണ്ടും; ഇതുവരെ ലഭിച്ചത് ഒന്നേമുക്കാല്‍ കോടിയുടെ നോട്ടുകള്‍

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 500, 1000 നോട്ടുകള്‍ നിരോധിച്ചത്. നിശ്ചിത കാലം വരെ നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Update: 2020-08-09 03:57 GMT

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നിരോധിച്ച നോട്ടുകള്‍ ലഭിക്കുന്നത് കൂടുന്നു. കഴിഞ്ഞ നാലുമാസത്തിനുളളില്‍ മാത്രം 77,000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചത്. ഓരോ തവണയും ഭണ്ഡാരത്തിലെ കണക്ക് എടുക്കുമ്പോള്‍ നിരോധിച്ച നോട്ടുകളുടെ എണ്ണം കൂടി വരികയാണെന്ന് ദേവസ്വം അറിയിച്ചു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ചെറിയ കെട്ടുകളാക്കിയ നിലയിലാണ് ഭണ്ഡാരത്തില്‍ നിന്നും ലഭിക്കുന്നത്. ഇത് മാറിക്കിട്ടുന്നത് സംബന്ധിച്ച് ദേവസ്വം അധികൃതര്‍ റിസര്‍വ് ബാങ്കിന് കത്തയച്ചിരുന്നു. എന്നാല്‍ നിരോധിച്ച നോട്ടുകള്‍ ഇനി തിരിച്ചെടുക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്.

ഇതോടെ ദേവസ്വത്തിനും ഒന്നേമുക്കാല്‍ കോടിയിലേറെ വരുന്ന ഈ നോട്ടുകള്‍ ബാധ്യതയാവുകയാണ്. 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 500, 1000 നോട്ടുകള്‍ നിരോധിച്ചത്. നിശ്ചിത കാലം വരെ നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 

Tags:    

Similar News