ഗസ ഭരിക്കാന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് കമ്മറ്റി രൂപീകരിക്കാന്‍ ഹമാസ്-ഫതഹ് ധാരണ

ഉപരോധിത അതിര്‍ത്തിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങള്‍ ഗസാ മുനമ്പിലെ കമ്മിറ്റി ആയിരിക്കും കൈകാര്യം ചെയ്യേണ്ടത്.

Update: 2024-12-04 13:07 GMT

കെയ്‌റോ: ഗസ മുനമ്പിലെ ഭരണം സംബന്ധിച്ച് ഹമാസും ഫതഹും തമ്മില്‍ ധാരണയിലെത്തി. ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു സംഘടനകള്‍ക്കുമിടയില്‍ അന്തിമമായ ധാരണയുണ്ടായത്. ഗസയിലെ ആഭ്യന്തര കാര്യങ്ങളുടെ നിര്‍വഹണത്തിനായി ചുമതലപ്പെട്ട സമിതി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളാണ് ഇരു സംഘടനകളും ഒപ്പുവച്ച രേഖയില്‍ വിവരിച്ചിരിക്കുന്നത്. കരാര്‍ പ്രകാരം ഉപരോധിത അതിര്‍ത്തിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങള്‍ ഗസാ മുനമ്പിലെ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് കമ്മിറ്റി ആയിരിക്കും കൈകാര്യം ചെയ്യേണ്ടത്. ഈ സമിതി ഫലസ്തീന്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കും.

വെസ്റ്റ് ബാങ്കിലെയും ഖുദ്‌സിലെയും ഗസാ മുനമ്പിലെയും രാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തിയായിരിക്കും സമിതി. അതായത്, മറ്റു ഫലസ്തീന്‍ പ്രദേശങ്ങളില്‍നിന്ന് വെട്ടിമാറ്റപ്പെട്ട ഒരു പ്രദേശമായിരിക്കില്ല ഭാവിയില്‍ ഗസാ മുനമ്പ്.

സമിതിയില്‍ 10 മുതല്‍ 15 വരെ അംഗങ്ങള്‍ ആകാമെന്നും ഇവരില്‍ സ്വതന്ത്രരും വിദഗ്ധരുമായ ഫലസ്തീനികള്‍ ഉണ്ടായിരിക്കണമെന്നും ഇരു സംഘടനകളും സമ്മതിച്ചു. ഫലസ്തീന്‍ പൗരന്മാരുടെ സര്‍വമേഖലകളിലുമുള്ള താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മുന്നേറുന്നതിനൊപ്പം ഗസാ മുനമ്പിലെ ആഭ്യന്തര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവും ഈ സമിതിക്കായിരിക്കും.

ഫലസ്തീനിയന്‍ ഗവണ്മെന്റിന്റെയും ഫലസ്തീന്‍ അതോറ്റിറ്റിയില്‍ അംഗമായിരിക്കുന്ന മേല്‍നോട്ട സമിതികളുടെയും ഉത്തരവാദിത്തം ഈ സമിതിക്കായിരിക്കും. ദൗത്യനിര്‍വഹണത്തിന് ആവശ്യമായ അധികാരങ്ങള്‍ സമിതിക്ക് നല്‍കുമെന്നും ധാരണാ പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫലസ്തീനിലെ എല്ലാ രാഷ്ട്രീയ കക്ഷികളെയും പങ്കെടുപ്പിച്ച് കെയ്‌റോയില്‍ ചേരുന്ന യോഗത്തിനു ശേഷമായിരിക്കും പുതിയ സമിതി ചുമതല ഏറ്റെടുക്കുന്നത്. ഓരോ കക്ഷിയിലെയും അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള അന്തിമ കരാറിലും അന്നായിരിക്കും ഒപ്പുവയ്ക്കുകയെന്ന് റ്ിപോര്‍ട്ടുകള്‍ പറയുന്നു.

കെയ്‌റോയിലെ സംഭാഷണങ്ങള്‍ ഗുണപരമായ നിലയില്‍ പുരോഗതി കൈവരിച്ചതായി ഒരു മുതിര്‍ന്ന ഫലസ്തീനിയന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇസ്രായേലുമായുള്ള യുദ്ധത്തിനു ശേഷം ഗസാ മുനമ്പിലെ ഭരണനിര്‍വഹണം ഈ സമിതിക്കായിരിക്കുമെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. റാമല്ലയിലെ ഫലസ്തീനിയന്‍ സര്‍ക്കാര്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമിതി സ്വതന്ത്രവും മികവുറ്റതും ആയിരിക്കണമെന്ന് ഹമാസും ഫതഹും സമ്മതിച്ചു. ഗസയില്‍ ഒരു ഭരണനിര്‍വഹണ സംവിധാനം ഉണ്ടാക്കുന്നതിന് നിരവധി അറബ് രാഷ്ട്രങ്ങള്‍ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഫലസ്തീന്‍ സംഘടനകള്‍ക്കിടയില്‍ സമീപ കാലത്തുണ്ടായ സംഭാഷണങ്ങള്‍ ഐക്യത്തിലേക്കും ഫലസ്തീന്‍ ഭൂപ്രദേശത്ത് ഏകീകൃതമായ ഭരണ സംവിധാനം സ്ഥാപിക്കുന്നതിലേക്കുമുള്ള പ്രധാന കാല്‍വയ്പുകളായി കണക്കാക്കപ്പെടുന്നു. ചൈനയും ഈജിപ്തും അടക്കം പല രാജ്യങ്ങളും ഇത്തരം സംഭാഷണങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ചിട്ടുണ്ട്.

പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പൊതുവായ ധാരണയിലെത്തുന്നതിനും വിഭജനങ്ങള്‍ അവസാനിപ്പിക്കുന്നതിനുമായി ഫലസ്തീനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജൂലൈയില്‍ ബീജിങില്‍ ഒത്തു ചേര്‍ന്നിരുന്നു. ഫതഹ്, ഹമാസ്, ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്, പോപുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍, ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ തുടങ്ങി 14 പാര്‍ട്ടികളുടെ പങ്കാളിത്തമുണ്ടായിരുന്നു.

Tags:    

Similar News