ഹരിദ്വാറിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം: സംഘാടകന്‍ നരസിംഹാനന്ദിനെതിരേ കേസെടുത്ത് പോലിസ്

കേസില്‍ അഞ്ചാം പ്രതിയാണ് നരസിംഹാനന്ദ്. പരിപാടിയില്‍ പങ്കെടുത്ത സാഗര്‍ സിന്ധു മഹാരാജ്, സാധ്വി അന്നപൂര്‍ണ, ധരം ദാസ്, ജിതേന്ദ്ര ത്യാഗി എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്.

Update: 2022-01-01 14:10 GMT

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച ഹിന്ദുത്വ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തുകയും മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത സംഭവത്തില്‍ മുഖ്യ സംഘാടകനെതിരേ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദുമത പാര്‍ലമെന്റ് 'ധര്‍മ സന്‍സദ്' സംഘാടകനായ യതി നരസിംഹാനന്ദിനെതിരേയാണ് ഉത്തരാഖണ്ഡ് പോലിസ് കേസെടുത്തത്.

സംഘാടകനെതിരേ പോലിസ് കേസെടുക്കാത്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പോലിസിന്റെ നടപടി. കേസില്‍ അഞ്ചാം പ്രതിയാണ് നരസിംഹാനന്ദ്. പരിപാടിയില്‍ പങ്കെടുത്ത സാഗര്‍ സിന്ധു മഹാരാജ്, സാധ്വി അന്നപൂര്‍ണ, ധരം ദാസ്, ജിതേന്ദ്ര ത്യാഗി എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്.

മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിനും ആരാധനാലയം അശുദ്ധമാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഈ കേസില്‍ വസിം റിസ്‌വിയെയും ജിതേന്ദ്ര ത്യാഗിയെയും മാത്രമാണ് പ്രതി ചേര്‍ത്തിരുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച 'ധര്‍മ സന്‍സദ്' സമ്മേളനത്തിലാണ് ഹിന്ദുത്വ സന്യാസികള്‍ വിദ്വേഷപ്രസംഗവും കൊലവിളിയും നടത്തിയത്. മുസ്‌ലിംകളെ കൊല്ലാനും അവരുടെ മതകേന്ദ്രങ്ങള്‍ ആക്രമിക്കാനും ഇവര്‍ ആഹ്വാനം ചെയ്തു. ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി സാധ്വി അന്നപൂര്‍ണയാണ് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. അവരുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലില്‍ പോവാനും തയ്യാറാവുക.

20 ദശലക്ഷം ആളുകളെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ ഞങ്ങള്‍ക്ക് ആവശ്യമാണെന്നും അന്നപൂര്‍ണ പറഞ്ഞു. മ്യാന്‍മറിലെ പോലെ പോലിസും രാഷ്ട്രീയക്കാരനും പട്ടാളവും ഓരോ ഹിന്ദുവും ആയുധമെടുക്കണം. എന്നിട്ട് ഇവിടുത്തെ മുസ്‌ലിംകളെ കൊന്നൊടുക്കണം. ഇതല്ലാതെ ഇതിന് പരിഹാരമില്ലെന്ന് ഹിന്ദു രക്ഷാസേന പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു.

പരിപാടിയില്‍ യതി നരസിംഹാനന്ദ് ഹിന്ദു യുവാക്കളോട് 'പ്രഭാകരന്‍' ആയും 'ഭിന്ദ്രന്‍വാലെ' ആയും മാറാന്‍ ആഹ്വാനം ചെയ്യുകയും മുസ്‌ലിംകള്‍ക്കെതിരേ ആയുധമെടുക്കാന്‍ ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഡല്‍ഹിയിലും ഹരിദ്വാറിലും സംഘടിപ്പിച്ച പരിപാടികളില്‍ നടത്തിയ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ സ്വമേധയാ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 76 അഭിഭാഷകര്‍ അടുത്തിടെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തയച്ചിരുന്നു.

Tags:    

Similar News