ഹര്‍ത്താല്‍ കേസ് തീര്‍ക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം; ഡീന്‍ കുര്യാക്കോസിനെതിരേ പരസ്യപ്രതിഷേധവുമായി എം സി കമറുദ്ദീന്‍
എം സി കമറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഞാനും ഗോവിന്ദന്‍ നായരും രണ്ട് ദിവസമായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കോടതിയിലായിരുന്നു(30, 31.). കാസര്‍കോഡ് ജില്ലയിലെ കല്ല്യോട്ട് കൊലപാതകതവുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ട സംഭവങ്ങളില്‍ ഞങ്ങളെ രണ്ടു പേരെയും പ്രതി ചേര്‍ത്തിര്‍ക്കുകയാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു എന്ന കാരണം പറഞ്ഞായിരുന്നു പ്രതി ചേര്‍ത്തത്. ഒരിക്കല്‍ ജാമ്യമെടുക്കാന്‍ വന്നു. ഇന്ന് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. രണ്ട് കേസുണ്ട്. ഒന്ന് ഇന്നലെയായിരുന്നു. കാസര്‍കോഡ് യുഡിഎഫ് ചെയര്‍മാനും കണ്‍വീനറും ആയിരുന്ന ഞങ്ങള്‍ രണ്ടുപേരും എങ്ങനെ കോട്ടയത്തും ഇടുക്കിയിലും പ്രതിയാവുന്നു എന്ന കാര്യം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒന്ന് സഹകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് പറയാന്‍ തുടങ്ങിയിട്ട് കുറേയായി. ഒരു പരിഹാരവുമില്ല. ഇനി വരുന്ന 16ന് ഇടുക്കി പീരുമേട്ടില്‍ ഹാജരാവണം. എനിക്ക് വേറെ പല പ്രശ്‌നങ്ങളും തന്നെ ധാരാളമുണ്ട്. അതിന്റെ കൂടെ ഇതും. സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ അന്നത്തെ യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എംപിയും ഏതാണ്ട് എല്ലാ കേസിലും പ്രതിയാണ്. ഭൂരിഭാഗം കേസിലും അദ്ദേഹം ഹാജരാവാറില്ല. കോട്ടയത്തെ കേസില്‍ എങ്കിലും അദ്ദേഹം വന്നിരുന്നുവെങ്കില്‍ പെട്ടെന്ന് തീര്‍ക്കാന്‍ കഴിയുമായിരുന്നു എന്നാണ് കാഞ്ഞിരപ്പള്ളിയിലെ ചില വക്കീലുമാര്‍ പറയുന്നത്. അദ്ദേഹം ഞങ്ങളുടെ ഫോണ്‍ എടുക്കുന്നില്ല. പ്രശ്‌നം ഞാന്‍ കഴിഞ്ഞ യുഡിഎഫില്‍ ഉന്നയിച്ചു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. ആഹ്വാനം ചെയ്തു എന്ന് ഏതോ ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്ത കൊടുത്തതാണത്രേ. ഞങ്ങളോട് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ പത്രങ്ങള്‍ അത് റിപോര്‍ട്ട് ചെയ്തു. ഹൈക്കോടതി വിലക്കുണ്ട് എന്നത് കൊണ്ടാണ് ഹര്‍ത്താലിന് ഞങ്ങള്‍ ആഹ്വാനം ചെയ്യാതിരുന്നത്. ചിലര്‍ക്ക് കേസില്ലാതെ തല ഊരാനായിരുന്നു ഞങ്ങളുടെ പേരില്‍ കൊടുത്തത്. അതില്‍ പ്രശ്‌നമില്ല. രണ്ട് ജീവനേക്കാള്‍ വലുതല്ല ഞങ്ങളുടെ കേസ്. ഹൈക്കോടതില്‍ ചോദ്യം ചെയ്യാനോ കേസ് തീര്‍ക്കാനോ വേണ്ട നടപടി ഇനിയെങ്കിലും സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
Full View