'ആഭ്യന്തരം കാണാതെപോയ വിദ്വേഷപ്രചരണങ്ങള്‍' തെരുവുകളില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും: പോപുലര്‍ ഫ്രണ്ട്
ആദ്യഘട്ടമായി ജൂണ്‍ ഏഴിന് ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി തെരുവുകളില്‍ എല്‍ഇഡി പ്രദര്‍ശനം സംഘടിപ്പിക്കും
കോഴിക്കോട്:ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയും ആര്‍എസ്എസിന്റെ വംശീയ കൊലവിളികള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വിവേചനം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അറിയിച്ചു. ഇതിന്റെ ഭാഗമായി 'ആഭ്യന്തരവകുപ്പ് കാണാതെപോയ വിദ്വേഷപ്രചരണങ്ങള്‍' എന്ന പേരില്‍ ആര്‍എസ്എസ് നേതാക്കളും സംഘപരിവാര സഹയാത്രികരും നടത്തിയിട്ടുള്ള മുസ്‌ലിം വിദ്വേഷത്തിന്റെയും കലാപാഹ്വാനത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ തെരുവുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും അബ്ദുല്‍ ലത്തീഫ് വ്യക്തമാക്കി.
ആദ്യഘട്ടമായി ജൂണ്‍ ഏഴിന് ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി തെരുവുകളില്‍ എല്‍ഇഡി പ്രദര്‍ശനം സംഘടിപ്പിക്കും. സംസ്ഥാന നേതാക്കള്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം വീഡിയോ പ്രദര്‍ശനം നടക്കും.
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പച്ചയായ വംശഹത്യാ ആഹ്വാനത്തോട് കണ്ണടച്ച പിണറായി സര്‍ക്കാരും പോലിസും ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളന ബഹുജന റാലിയില്‍ ഒരു കുട്ടി വിളിച്ച ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യത്തിന്റെ പേരില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ ഇതുവരെ 31 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.അതേസമയം, തലശ്ശേരിയിലും കുന്നംകുളത്തും പേരാമ്പ്രയിലും ചാവക്കാടും കുറ്റിയാടിയിലും മുസ്‌ലിംകളെ ഉന്‍മൂലനം നടത്തുമെന്ന് ആക്രോശിച്ച് ആര്‍എസ്എസ് പ്രകടനം നടത്തിയിട്ടും ഗതാഗതം തടസ്സപ്പെടുത്തിയെന്ന നിസാര വകുപ്പിട്ട് ചിലര്‍ക്കെതിരെ കേസെടുത്ത് സംഘപരിവാരത്തോടുള്ള മൃദുസമീപനം കാട്ടുകയാണ് പിണറായി പോലിസ് ചെയ്തതെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
കേരളത്തില്‍ വ്യാപകമായ മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലക്കെതിരേ 153 എ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുസ്‌ലിം സ്ത്രീകള്‍ പന്നി പെറുന്നത് പോലെ പെറ്റുകൂട്ടുകയാണെന്ന് വംശീയ പ്രസംഗം നടത്തിയ സംഘപരിവാര്‍ നേതാവ് ഗോപാലകൃഷ്ണനെതിരേയും 153 എ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റുണ്ടായില്ല. മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ കെ ഇന്ദിരക്കെതിരേ ചാര്‍ത്തിയ 153 എ കേസിലും വര്‍ഷങ്ങളായിട്ടും നടപടിയില്ല. തിരുവനന്തപുരം ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയിട്ടും കേസെടുക്കാനോ സംഘാടകരെ അറസ്റ്റ് ചെയ്യാനോ ആഭ്യന്തരവകുപ്പ് തയ്യാറായിട്ടില്ല. പി സി ജോര്‍ജിന് എതിരേ കേസ്സെടുത്തെങ്കിലും റിമാന്റ് ചെയ്ത് തൊട്ടടുത്ത ദിവസം ജാമ്യം ലഭ്യമാകാനുള്ള സൗകര്യവും പോലിസും പ്രോസിക്യൂഷനും ഒരുക്കിക്കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കരയില്‍ വാളുമേന്തി വര്‍ഗീയ മുദ്രാവാക്യങ്ങളുമായി ദുര്‍ഗാവാഹിനി നടത്തിയ മാര്‍ച്ചിലും പോലിസ് ആര്‍എസ്എസ് ദാസ്യപ്പണി തുടരുകയാണ്. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേസെടുക്കാന്‍ മടിക്കുകയാണ് പിണറായി സര്‍ക്കാര്‍. മാത്രമല്ല, 153 എ വകുപ്പ് ചാര്‍ത്തുന്ന കേസുകളിലും പോലിസ് നടപടികളില്‍ മുസ്‌ലിം വിവേചനം വ്യക്തമാണ്. ഇക്കാര്യം തുറന്നുകാട്ടിയാണ് തെരുവുകളില്‍ വീഡിയോ പ്രദര്‍ശനം നടത്തുന്നതെന്നും പി കെ അബ്ദുല്‍ ലത്തീഫ് വ്യക്തമാക്കി.