വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പോലിസ് ഹൈക്കോടതിയിലേക്ക്
പി സി ജോര്‍ജ് ജാമ്യ ഉപാധി ലംഘിച്ചോ എന്നതില്‍ നിയമോപദേശം തേടിയ ശേഷമാണ് പോലിസ് നീക്കം.
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പോലിസ് ഹൈക്കോടതിയെ സമീപിക്കും. പി സി ജോര്‍ജ് ജാമ്യ ഉപാധി ലംഘിച്ചോ എന്നതില്‍ നിയമോപദേശം തേടിയ ശേഷമാണ് പോലിസ് നീക്കം. പോലിസ് നിയമ നടപടിക്കൊരുങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് പി സി ജോര്‍ജ് അറിയിച്ചിരുന്നെങ്കിലും അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് പോലിസ്.
ഞായറാഴ്ച്ചയായിരുന്നു പി സി ജോര്‍ജ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടിയിരുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ അവസാന പരസ്യ പ്രചാരണത്തില്‍ എന്‍ഡിഎക്ക് വോട്ട് തേടി പി സി തൃക്കാക്കരയില്‍ സജീവമായിരുന്നു. അന്വേഷണവുമായി സഹകരിക്കാതെയുള്ള ജോര്‍ജിന്റെ നിലപാട് ജാമ്യവ്യവസ്ഥാ ലംഘനമാണെന്നാണ് പോലിസ് വിലയിരുത്തല്‍. ശബ്ദപരിശോധനക്ക് ഹാജരാകണമെന്ന പോലിസ് നിര്‍ദേശം അവഗണിച്ചാണ് ജോര്‍ജ് തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്തത്. പരസ്യപ്രസ്താവനകള്‍ പാടില്ല, വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണം, അന്വേഷണവുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.