വിദ്വേഷ പ്രചാരണം: സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സമസ്ത അവകാശ സംരക്ഷണ സമിതി
പാലാ ബിഷപ്പും തുടര്‍ന്ന് താമരശ്ശേരി രൂപതയും ചില വര്‍ഗീയ വാദികളും ഇസ്‌ലാമിക സമൂഹത്തിനെതിരേ വ്യാപകമായി വിദ്വേഷം പ്രചരിപ്പിക്കുകയാണ്.
കോഴിക്കോട്: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്തവിധം വര്‍ഗീയധ്രുവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദ്വേഷ പ്രചാരകര്‍ക്കെതിരേ സര്‍ക്കാര്‍ അടിയന്തരമായി നിയമ നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന സമസ്ത അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പാലാ ബിഷപ്പും തുടര്‍ന്ന് താമരശ്ശേരി രൂപതയും ചില വര്‍ഗീയ വാദികളും ഇസ്‌ലാമിക സമൂഹത്തിനെതിരേ വ്യാപകമായി വിദ്വേഷം പ്രചരിപ്പിക്കുകയാണ്. പൊതുസമൂഹത്തിനിടയില്‍ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താനും സമൂഹത്തില്‍ വൈരമുണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള നീക്കത്തെ സര്‍ക്കാര്‍ ഗൗരവമായി കാണണം. താമരശേരി രൂപതയുടെ കീഴില്‍ പുറത്തിറക്കിയ വേദപാഠപുസ്തകത്തില്‍ ഇസ്‌ലാമിനെ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അന്യമതസ്ഥരായ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും ചതിക്കുന്നതും നശിപ്പിക്കുന്നതും ഇസ്‌ലാം തത്വപ്രകാരം പുണ്യമാണെന്നും സ്വര്‍ഗത്തിലെത്താനുള്ള വഴിയാണെന്നുമുള്‍പ്പെടെ പുസ്തകത്തിലെ ഗുരുതര പരാമര്‍ശങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്.
ഈ പുസ്തകം അടിയന്തരമായി കണ്ടുകെട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. ഇസ്‌ലാമിനെതിരേ വ്യാപകമായ കുപ്രാചരണം നടക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 19ന് വൈകീട്ട് മൂന്നിന് ഞായാറാഴ്ച കോഴിക്കോട്ട് 'ജിഹാദ്: വിദ്വേഷ പ്രചരണം, യാഥാര്‍ഥ്യം' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. യോഗത്തില്‍ ചെയര്‍മാന്‍ ഡോ. എന്‍.എ എം അബ്ദുല്‍ഖാദര്‍ അധ്യക്ഷനായി. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി സംസാരിച്ചു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും സത്താര്‍ പന്തല്ലൂര്‍ നന്ദിയും പറഞ്ഞു.