'പോപുലര്‍ ഫ്രണ്ട് അംഗമെന്ന ആരോപണം കുറ്റം ചെയ്തുവെന്നതിന് തെളിവല്ല': ഹൈക്കോടതി

പാലക്കാട് സഞ്ജിത് കൊലക്കേസില്‍ ആരോപണ വിധേയനായ ആറാം പ്രതിക്ക് ജാമ്യം നല്‍കിയാണ് നിരീക്ഷണം

Update: 2024-10-18 09:23 GMT

കൊച്ചി: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ട കേസിലെ ആറാം പ്രതിക്ക് ജാമ്യം. പള്ളിമേട് സ്വദേശി മുഹമ്മദ് ഹാറൂണിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പോപുലര്‍ ഫ്രണ്ട് അംഗമെന്ന ആരോപണം കുറ്റം ചെയ്തുവെന്നതിന് തെളിവല്ലെന്ന് ജാമ്യം അനുവദിച്ച് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍ വിധിയില്‍ വ്യക്തമാക്കി.

2021 നവംബര്‍ 15നാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ് ഹാറൂണ്‍ അടക്കം ആറു പേരെയാണ് പോലിസ് പ്രതിയാക്കിയത്. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് മുഹമ്മദ് ഹാറൂണെന്ന് പോലിസ് വാദിച്ചു. പോപുലര്‍ ഫ്രണ്ടാണ് സഞ്ജിത്തിന്റെ കൊലക്ക് പിന്നില്‍. ഏഴു തവണ ഗൂഡാലോചന നടത്തിയാണ് സഞ്ജിത്തിനെ വധിച്ചത്. ഇതില്‍ അഞ്ചിലും ഹാറൂണ്‍ പങ്കെടുത്തിരുന്നുവെന്നും പോലിസ് വാദിച്ചു. 2022 ജനുവരി മുതല്‍ ജയിലിലാണെന്നും ജാമ്യം വേണമെന്നും ഹാറൂണും വാദിച്ചു.

2022 ജനുവരി 23 മുതല്‍ മുഹമ്മദ് ഹാറൂണ്‍ ജയിലിലാണെന്ന് വാദം കേട്ട കോടതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ രണ്ടു വര്‍ഷവും ഒമ്പതുമാസവുമായിരിക്കുന്നു ജയില്‍വാസം. ഈ കേസിന് മുമ്പ് മറ്റൊരു കേസിലും ഇയാള്‍ പ്രതിയല്ല. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണ് പ്രതിയെന്ന് പോലിസ് പറയുന്നു. കൊലപാതകം നടക്കുന്ന സമയത്ത് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ഇതിനെ പോലിസും എതിര്‍ക്കുന്നില്ല. അതിനാല്‍ തന്നെ, അത്തരമൊരു സംഘടനയില്‍ അംഗമാണെന്നത് കുറ്റകൃത്യത്തിലെ പങ്കാളിത്തത്തിന് തെളിവല്ല. ഇത് പ്രതി ഇനിയും ജയിലില്‍ കിടക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നു. കുറ്റകൃത്യത്തിലെ ഇയാളുടെ പങ്ക് പോലിസ് വിചാരണയില്‍ തെളിയിക്കുകയാണ് വേണ്ടത്'' കോടതി വ്യക്തമാക്കി.

കൊലപാതകത്തില്‍ മുഹമ്മദ് ഹാറൂണ്‍ നേരിട്ട് പങ്കെടുത്തതായി ആരോപണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ ഗൂഡാലോചനയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇത് വിചാരണയില്‍ തെളിയിക്കപ്പെടേണ്ട കാര്യമാണ്. കൊല നടത്തിയവര്‍ക്ക് എന്തെങ്കിലും സഹായം മുഹമ്മദ് ഹാറൂണ്‍ നല്‍കിയെന്നും പോലിസ് പറയുന്നില്ല. വിചാരണ നടക്കാതിരിക്കുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാമെന്ന് നിരവധി കേസുകളില്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുഎപിഎ, എന്‍ഡിപിഎസ് കേസുകളില്‍ വരെ ഇങ്ങനെ ജാമ്യം നല്‍കാറുണ്ട്. ഈ കേസില്‍ 2023 ഡിസംബറില്‍ കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. അതിനാല്‍ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ രാഗേന്ദു ബസന്ത്, അഭിഭാഷകരായ എം എ അഹമ്മദ് സഹീര്‍, ഇ എ ഹാരിസ്, മുഹമ്മദ് യാസില്‍ എന്നിവര്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി.

Tags:    

Similar News